കാലിക്കടവ് സഹകരണ ബാങ്കില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്
പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി.
പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഒളിവില്‍ പോയി.
കാസര്‍കോട് നായന്‍മാര്‍മൂല മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാല് കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശേധന നടത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയും നടന്ന പരിശോധനയിലാണ് 70 ലക്ഷത്തോളം രൂപയുടെ പണയ ഉരുപ്പടികള്‍ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തിയത്. 1250 പണയപ്പണ്ടങ്ങളാണ് ബാങ്കിലുള്ളത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് സൂചന. ജില്ലയിലെ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ട തട്ടിപ്പ് നടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.