അരിവില കൂട്ടി വിഷമിപ്പിക്കാമെന്ന് കരുതേണ്ട; രാജ്യത്തിന് പുറത്തുനിന്നും അരി എത്തിക്കും: മുഖ്യമന്ത്രി
അരിവില വര്‍ധിപ്പിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും വിഷമത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ കീഴ്പ്പെടില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനം നേരിടുന്ന അരി പ്രതിസന്ധി മറികടക്കാൻ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അരി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരിവില വർധിപ്പിച്ച് സർക്കാരിനെയും ജനങ്ങളെയും വിഷമത്തിലാക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് സർക്കാർ കീഴ്പ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 25 രൂപക്ക് ഒരു കിലോ അരി നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
സംസ്ഥാനത്ത് അരി വിലയിൽ വൻ വർധനവ് ഉണ്ടായതോടെയാണ് സംസ്ഥാന സർക്കാർ ബംഗാളിൽ നിന്ന് 800 ടൺ സുവർണ്ണ മസൂരി അരി എത്തിച്ചത്. 27 രൂപക്കാണ് സഹകരണ സംഘങ്ങൾക്ക് അരി ലഭിക്കുന്നതെങ്കിലും സബ്സിഡി നൽകി 25 രൂപക്ക് പൊതുജനത്തിന് അരി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് കിലോ അരി വീതമാണ് ഒരു കുടുംബത്തിന് നൽകുന്നത്. കൺസ്യൂമർ ഫെഡ്, തെരഞ്ഞെടുത്ത ത്രിവേണി സ്റ്റോറുകൾ എന്നിവ വഴിയായിരിക്കും ആദ്യഘട്ടത്തിൽ അരി ലഭിക്കുക. പിന്നീട് ഇത് വ്യാപിപ്പിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഏണിക്കരയിൽ നിർവ്വഹിച്ചു.
മാവേലി സ്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ അരി പ്രതിസന്ധിക്ക് കഴിഞ്ഞ യുപിഎ സർക്കാരാണ് ആദ്യ ഉത്തരവാദിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.