കാട്ടാനക്ക് വെടിയേറ്റ സംഭവം: വാഹനത്തില്‍ നിന്നെന്ന് പ്രാഥമിക നിഗമനം
യാത്രക്കാരില്‍ ആരോ വാഹനത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്.
വയനാട് ബത്തേരി വന്യജീവി സങ്കേതത്തില്‍ കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.ധനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആദ്യഘട്ടത്തില്‍, വിശദമായ പോസ്റ്റുമോര്‍ട്ടവും ബാലിസ്റ്റിക് പരിശോധനയും നടത്തും. വെടിവെച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ പാരിതോഷികംനല്‍കുമെന്നും ഇവരുടെ വിവരങ്ങള്‍രഹസ്യമാക്കി സൂക്ഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
ഇന്നു രാവിലെയാണ് ബത്തേരി-പുല്‍പള്ളി സംസ്ഥാന പാതയില്‍ പിടിയാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പതിമൂന്ന് വയസ് പ്രായമുണ്ട്. മസ്തിഷ്കത്തില്‍ വെടിയേറ്റതാണ് മരണ കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ് ഓടുകയോ ചലിയ്ക്കുകയോ ചെയ്തിട്ടില്ല. നിന്നിരുന്ന അതേ അവസ്ഥയില്‍ തന്നെ ചരിയുകയായിരുന്നു. അതുകൊണ്ടു തന്നെ റോഡരികില്‍ വാഹനത്തിലെത്തി, വെടിയുതിര്‍ത്തനാവാനാണ് സാധ്യതയെന്നും വനംവകുപ്പ് പറയുന്നു.
വെറ്ററിനറി സര്‍വകലാശാലയിലെ ഡോ. അരുണ്‍ സ്കറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടക്കുക. ഇതിനായി മൃതദേഹം ഉള്‍ക്കാട്ടിലേയ്ക്ക് കൊണ്ടുപോയി. പിടിയാനയെ വെടിവെച്ചതിനാല്‍ തന്നെ വേട്ടയല്ല, ഉദ്ദേശ്യമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ, മരണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.