വിദ്യാഭ്യാസ രംഗത്ത് കേരളം പിറകിലായെന്ന് എസ്ആര്‍പി
മികച്ച പാര്‍ലമെന്റേറിയനുള്ള പ്രഥമ സിബിസി വാര്യര്‍ പുരസ്കാരം ജി സുധാകരന് സമ്മാനിക്കുന്ന വേദിയിലായിരുന്നു എസ്ആര്‍പിയുടെ വിമര്‍ശം
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് പിറകിലായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പാഠപുസ്തകങ്ങളും സിലബസ്സും വേണ്ട രീതിയില്‍ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടന്നില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനുള്ള പ്രഥമ സിബിസി വാര്യര്‍ പുരസ്കാരം ജി സുധാകരന് സമ്മാനിക്കുന്ന വേദിയിലായിരുന്നു എസ്ആര്‍പിയുടെ വിമര്‍ശം.
ആകെ വിദ്യാഭ്യാസ രംഗം പരിശോധിച്ചാല്‍ മുന്‍പ് മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് മറ്റ് പല സംസ്ഥാനങ്ങളുമായും പുറത്തെ സര്‍വകലാശാലകളുടെ നിലവാരവുമായും ഒക്കെ താരതമ്യപ്പെടുത്തിയാല്‍ കുറച്ച് പിറകിലാണെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അത് പല അഖിലേന്ത്യാ പരീക്ഷകളിലും നമുക്കിന്ന് കാണാന്‍ കഴിയും. പരപ്പില്‍ നമ്മള്‍ വളരെ വലുതാണ്. സംവിധാനപരമായും നമ്മുടെ കാര്യക്ഷമത വിദ്യാഭ്യാസ രംഗത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം സിലബസ്സിന്റെ ഉള്ളടക്കം ഇതൊക്കെ പരിശോധിക്കുമ്പോള്‍ നമ്മള്‍ പിറകിലാണ്. മറ്റുള്ള ലോകരാജ്യങ്ങളില്‍ ഓരോ മുന്നോ നാലോ വര്‍ഷം കൂടുമ്പോഴും പാഠപുസ്തകങ്ങളെ ഉള്ളടക്കത്തെ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു പരിശ്രമം വേണ്ടത്ര ഇവിടെയുണ്ടാവുന്നില്ല.
എസ് എസ് എല്‍ സിയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമുളള പുരസ്കാരങ്ങളും കരുതല്‍ സാന്ത്വന ചികിത്സാ കേന്ദ്രത്തിന് കെ രാജന്‍ നല്‍കിയ ആംബുലന്‍സിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു. സി ബി സി വാര്യര്‍ പുരസ്കാരം ലഭിച്ച സുധാകരന്‍ അവാര്‍ഡ് തുകയായി 25000 രൂപ ഫൌണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.