നായകളെ കൊല്ലുകയല്ല വന്ധ്യംകരിക്കുകയാണ് വേണ്ടത്: മനേക ഗാന്ധി
വന്ധ്യംകരണത്തിന് അനുദിച്ച തുക കേരളം ഫലപ്രദമായി വിനിയോഗിക്കാറില്ലെന്നും മന്ത്രി
തെരുവ് നായ ശല്യ പ്രശ്നത്തില്‍ കേരളത്തിന്‍റെ നിലപാടിനെ വിമര്‍ശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി വീണ്ടും രംഗത്ത്. നായ്ക്കളെ കൊല്ലുകയല്ല, വന്ധ്യംകരിക്കലാണ് പ്രശ്നത്തിന് പരിഹാരം. വന്ധ്യംകരണത്തിനായി കേരളത്തിന് അനുവദിച്ച തുക എവിടെപ്പോയി എന്നും മന്ത്രി ചോദിച്ചു. അഭിപ്രായം പറഞ്ഞതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മനേക ഗാന്ധി പറഞ്ഞു.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന് അപകടകാരികളായ നായ്ക്കളെ കൊല്ലണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. ഇത് കാര്യങ്ങള്‍ മനസ്സിലാക്കാതെയെടുക്കുന്ന അശാസ്ത്രീയ തീരുമാനമാണെന്ന് മനേക ഗാന്ധി കുറ്റപ്പെടുത്തി.
നായ്ക്കള്‍ സാധാരണ എലികള്‍ക്ക് വേണ്ടി മാലിന്യങ്ങളില്‍ പരതാറുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാതെ കിടക്കുന്നത് കൊണ്ട് നായകള്‍ പുറത്തിറങ്ങുന്നത് സ്വാഭാവികമായും കൂടും. ഈ പ്രശ്നത്തെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് മനേക പറഞ്ഞു.
നായക്കളെ വന്ധ്യംകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കേരളം ഫലപ്രദമായി ഉപയോഗിച്ചില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവനെയും താന്‍ വിലമതിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മനേക ഗാന്ധി മാംസം കയ്യില്‍ വച്ചത് കൊണ്ടാണ് സ്ത്രീ തെരുവുനായ്ക്കളുടെ അക്രമത്തിനിരയായത് എന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു.