എം എം മണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും
നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം മണിയും മൂന്നാറും സെന്‍കുമാറും ആയുധമാക്കും
എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം മണിയും മൂന്നാറും സെന്‍കുമാറും ആയുധമാക്കും. തന്ത്രങ്ങള്‍ ആലോചിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരും.
നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളത്തില്‍ മൂന്നാര്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനിടെ എം എം മണിയുടെ വിവാദ പരാമര്‍ശം കൂടി വന്നതോടെ ശക്തമായ ആയുധം കിട്ടിയ അവസ്ഥയിലാണ് പ്രതിപക്ഷം. മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തീരുമാനം. തന്ത്രങ്ങള്‍ ആലോചിക്കാന്‍ അടിയന്തര രാഷ്ട്രീയകാര്യ സമിതി കോണ്‍ഗ്രസ് വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
സഭക്കകത്ത് മണിയുടെ രാജി ആവശ്യപ്പെടുമ്പോള്‍ തന്നെ പുറത്ത് യുവജന സംഘടനകളുടെ പ്രക്ഷോഭങ്ങളും ഇതോടെ സംഘടിപ്പിക്കും. മൂന്നാറിലെ കയ്യേറ്റമൊഴിപ്പില്‍ നടപടികള്‍ നിര്‍ത്തിവെപ്പിച്ച സംഭവവും പ്രതിപക്ഷം ആയുധമാക്കും. ടി പി സെന്‍കുമാര്‍ വിഷത്തിലെ സുപ്രീംകോടതി വിധി തങ്ങളുടെ നിലപാടുകള്‍ക്കുള്ള വിജയമായി പ്രതിപക്ഷം കാണുന്നു. സഭക്കകകത്ത് മുഖ്യമന്ത്രി സെന്‍കുമാറിനെ വിമര്‍ശിച്ചപ്പോഴും സെന്‍കുമാറിനെ പിന്തുണക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.