ഓഖി ദുരിത മേഖലകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം തുടങ്ങി; വൈകിട്ട് തിരുവനന്തപുരത്തെത്തും
രാവിലെ ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി വൈകിട്ടോടെ തിരുവനന്തപുരത്തെത്തും.
ഓഖി ദുരിത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി. രാവിലെ ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. പൂന്തുറ തീരം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയുമായും മത്സ്യതൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തും. കന്യാകുമാരിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ഇന്നലെ മംഗലപുരത്തെത്തിയ പ്രധാനന്ത്രി രാവിലെ വ്യോമസേനാ വിമാനത്തില്‍ ലക്ഷദ്വീപിലെത്തി. ഓഖി ദുരിത്വാശ്വാസ അവലോകന യോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാനും കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 12.05 ഓടെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. 1.50 ന് വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന മോദി ഹെലികോപ്ടറില്‍ കന്യാകുമാരിക്ക് തിരിക്കും.
വൈകിട്ട് 4.15 ന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി 4.40 ന് പൂന്തുറ സെന്‍റ് തോമസ് സ്കൂളില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഓഖി ദുരിതബാധിതരുമായി സംസാരിക്കും. 5.30ന് ഗസ്റ്റ് ഹൌസിലാണ് മുഖ്യമന്ത്രിയുമായും മത്സ്യതൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ച. കൂടുതല്‍ കേന്ദ്ര സഹായം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടേക്കും. 6.40 ന് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.