ധനകാര്യ വകുപ്പിനെതിരെ ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ധനകാര്യ പരിശോധനവിഭാഗം പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്നും മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിലെ ഫയലുകള്‍ അനാവശ്യമായി പരിശോധിക്കുകയാണെന്നും ജേക്കബ് തോമസ്
ധനകാര്യ വകുപ്പ് നടത്തുന്ന പരിശോധനക്കെതിരെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജേക്കബ് തോമസ് ഇത് സംബന്ധിച്ച പരാതി നൽകി. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് പരാതിയിൽ പറയുന്നത്.
ധനകാര്യ വിഭാഗം തനിക്കെതിരെ ശത്രുതയോടെ പെരുമാറുന്നുവെന്നാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കത്തിൽ ആരോപിച്ചിട്ടുളത്. മുൻപ് ജോലിചെയ്ത എല്ലാ വകുപ്പിലേയും ഫയലുകൾ പരിശോധനക്ക് വിധേയമാക്കുകയാണ്. വിജിലൻസ് അന്വേഷണം നടക്കുന്ന ഫയലുകളും ധനകാര്യവകുപ്പിൻറ കയ്യിലാണുളളത്. വിജിലൻസിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് ധനകാര്യ വകുപ്പിന്റെ ഇടപെടലെന്നും കത്തിൽ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് പരാതി നൽകിയത്.
തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് നടത്തിയ ഇടപാടുകൾ സംബന്ധിച്ച് ധനകാര്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇടപാടുകളിൽ വൻ അഴിമതിയുണ്ടെന്നും ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണം വേണമെന്നുമായിരുന്നു അന്വേഷണ സംഘത്തിൻറ ശുപാർശ. ഈ റിപ്പോർട്ട് ധനകാര്യ സെക്രട്ടറി കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിൻമേൽ സർക്കാർ നടപടി സ്വീകരിക്കാനിരിക്കെയാണ് ജേക്കബ് തോമസ് എതിർപ്പുമായി രംഗത്തെത്തിയത്.