കരിപ്പൂരില്‍ ഡിജിസിഎയും എയര്‍പോര്‍ട് അതോറിറ്റിയും പരിശോധന നടത്തി
അനുകൂലമായ റിപ്പോര്‍ട്ടാണ് ഈ സംഘം സമര്‍പ്പിക്കുന്നതെങ്കില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തിരിച്ചെത്തും. ..
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎയുടെയും എയര്‍പോര്‍ട് അതോറിറ്റിയുടെയും സംയുക്ത സംഘം പരിശോധന നടത്തി. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ റണ്‍വേ സജ്ജമാണോ എന്നു പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.
ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ജെഎസ് റാവത്ത് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ജെപി അലക്‌സ് , എസ് കെ ബിശ്വാസ് എന്നിവരാണ് കരിപ്പൂര്‍വിമാനത്താവളം സന്ദര്‍ശിച്ചത്. റണ്‍വേ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഓപറേഷന്‍ വിഭാഗം തുടങ്ങിയ വിഭാഗങ്ങളില്‍ സംഘം പരിശോധന നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 18ന് ന്യൂഡല്‍ഹിയിലെത്തി സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദര്‍ശിച്ചിരുന്നു, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന സംഘം എത്തിയത്.
പരിശോധനയില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ അടുത്ത ദിവസം തന്നെ വ്യോമയാന മന്ത്രായലയത്തെ സംഘം അറിയിക്കും. അനുകൂലമായ റിപ്പോര്‍ട്ടാണ് ഈ സംഘം സമര്‍പ്പിക്കുന്നതെങ്കില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തിരിച്ചെത്തും. കരിപ്പൂരില്‍ റണ്‍വേ വികസനത്തിനായി സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.