ഓയില്‍ പാം മാനേജര്‍ നിയമനത്തില്‍ വന്‍ ക്രമക്കേട്
നിയമന തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കിയ രണ്ട് ജീവനക്കാര്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ മീഡിയാവണ്‍ നടത്തിയ അന്വേഷണം.
പൊതുമേഖലാ സ്ഥാപനമായ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡില്‍ മാനേജര്‍ നിയമനത്തില്‍ വന്‍ ക്രമക്കേട്. സീനിയര്‍മാനേജരായി ജോലി ചെയ്യുന്നവരില്‍ പോലും യോഗ്യതയില്ലാത്തവര്‍ കടന്നുകൂടിയിരുന്നു. അസിസ്റ്റന്റ് മാനേജര്‍മാര്‍ ഹാജരാക്കിയ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളിലും ക്രമക്കേടുണ്ട്. നിയമന തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കിയ രണ്ട് ജീവനക്കാര്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ മീഡിയാവണ്‍ നടത്തിയ അന്വേഷണം.
ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ രണ്ട് മാസത്തിനിടെ ആക്രമിക്കപ്പെട്ടിരുന്നു. അനധികൃത നിയമനത്തെക്കുറിച്ച് പരാതി നല്‍കിയവരാണ് ആക്രമിക്കപ്പെട്ടത്. സീനിയര്‍ സൂപ്പര്‍വൈസര്‍ ശശികുമാറിന്റെ മുഖത്ത് ആസിഡൊഴിച്ച അക്രമികള്‍ പ്രീത എന്ന ജീവനക്കാരിയുടെ വീട് ആക്രമിച്ചു. ഇനി കാണേണ്ടത് ഇവിടുത്തെ മാനേജര്‍മാരുടെയും അസിസ്റ്റന്റ് മാനേജര്‍മാരുടെയും യോഗ്യതയാണ്. ബോട്ടണിയിലോ അഗ്രികള്‍ച്ചറിലോ ബിരുദമാണ് നിര്‍ദിഷ്ട യോഗ്യത. കെമിസ്ട്രി പഠിച്ച ആളാണ് സീനിയര്‍ മാനേജര്‍.
ഇദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് കമ്പനിയില്‍ ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടി. അസിസ്റ്റന്റ് മാനേജര്‍മാരില്‍ പലരുടെയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ തീയതിയോ റഫറന്‍സ് നമ്പറോ ഇല്ല. 250 ഹെക്ടറിലധികമുള്ള എസ്‌റ്റേറ്റുകളില്‍ ജോലി ചെയ്ത പരിചയം വേണമെന്ന നിബന്ധന നിലനില്‍ക്കെ 100 ഹെക്ടറില്‍ താഴെ ഉള്ള എസ്‌റ്റേറ്റുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ചിലര്‍ ഹാജരാക്കിയിരിക്കുന്നത്.