രാജി ഉറപ്പാക്കി പി.വി അൻവർ; നാളെ രാവിലെ സ്പീക്കറെ കാണും, രാജിക്കത്ത് കൈമാറും
തൃണമൂൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അൻവറിന്റെ നീക്കം
തിരുവനന്തപുരം: രാജി ഉറപ്പാക്കി പി.വി അൻവർ എംഎൽഎ. നാളെ രാവിലെ സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചു. 9 മണിക്കാണ് കൂടിക്കാഴ്ച. സ്പീക്കർക്ക് രാജികത്ത് കൈമാറും. തൃണമൂൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അൻവറിന്റെ നീക്കം.
വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അൻവർ ഇന്ന് വൈകുന്നേരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാധ്യമങ്ങൾക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. പിന്നാലെ തന്നെ അൻവർ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അൽപ്പം മുൻപാണ് ഇക്കാര്യം സ്ഥിരീകരിച്ച് അൻവർ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.
യുഡിഎഫിനൊപ്പം ചേരാനുള്ള നീക്കങ്ങള്‍ക്കിടെയായിരുന്നു കഴിഞ്ഞ ദിവസം തൃണമൂലിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചത്. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരാന്‍ നിലവില്‍ നിയമതടസമുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യസഭാ അംഗത്വം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തൃണമൂല്‍ അന്‍വറിനു മുന്നില്‍ വച്ചതായും റിപ്പോര്‍ട്ടുണ്ട്