നടിയെ അക്രമിച്ച കേസ്; അന്വേഷണം അവസാനഘട്ടത്തില്‍
കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ഇന്നലെ കൊച്ചിയിൽ ചേർന്ന അന്വഷണ സംഘത്തിന്റെ ഉന്നത തല യോഗത്തിൽ ധാരണയായിരുന്നു
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം എന്ന് സമർപ്പിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ആലുവ റൂറൽ എസ്പി എ.വി ജോർജ്. കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ഇന്നലെ കൊച്ചിയിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ ഉന്നത തല യോഗത്തിൽ ധാരണയായിരുന്നു.
കുറ്റപത്രം സമർപ്പിച്ച ശേഷം അന്വഷണം തുടരാമെന്ന മുൻ തീരുമാനത്തിന് വിരുദ്ധമാണ് പുതിയ തീരുമാനം. പഴുതടച്ച കുറ്റപത്രം നൽകാനാണിതെന്നാണ് സൂചന. എന്നാൽ തൊണ്ടിമുതലായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡിനുമായുള്ള തെരച്ചിലാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കുറ്റപത്ര സമർപ്പണത്തിന് മുമ്പ് തൊണ്ടിമുതൽ കണ്ടെത്തിയില്ലെങ്കിൽ അക്കാര്യത്തിൽ അന്വഷണം തുടരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്തും. ദിലീപ് ഒന്നാം പ്രതിയാകുമ്പോൾ ബാക്കി പ്രതിപ്പട്ടിക സംബന്ധിച്ച് അന്വഷണ സംഘത്തിനിടയിൽ അന്തിമ ധാരണ ഉണ്ടായിട്ടില്ല. അന്വേഷണം പൂർത്തിയാകുന്ന മുറക്ക് കുടുതൽ നിയമ വശങ്ങൾ പരിശോധിച്ച ശേഷമാകും കുറ്റപത്രം തയ്യാറാക്കുക.
നടിയെ ആക്രമിച്ചതിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നതിന് ശക്തമായ തെളിവുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൾസർ സുനിയെ മാറ്റി ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനിച്ചത്. ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് കേസ് ബലപ്പെടുത്തുമെന്ന നിയമോപദേശം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു.