കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം കൂടുതല്‍ വകുപ്പുകളിലേക്ക്
മുന്‍മന്ത്രി കെ ബാബു കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളിലെ ഇടപാടുകള്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കും.
മുന്‍മന്ത്രി കെ ബാബു കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് നിര്‍മ്മിച്ച റോഡുകള്‍ ക്രമവിരുദ്ധമായി റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനായിരുന്നെന്ന ആരോപണമാണ് പരിശോധിക്കുക. ബാബു നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും ശേഖരിക്കും. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വസ്തുവകകളുടെയും രേഖകളുടെയും പരിശോധന വിജിലന്‍സ് തുടരുകയാണ്.
കെ ബാബു കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, ഫിഷറീസ്, തുറമുഖം, വിമാനത്താവള നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുക. തീരദേശ മേഖലയില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് നിര്‍മ്മിച്ച റോഡ് റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് മാഫിയകളെ സഹായിക്കാനായിരുന്നെന്ന ആരോപണം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മന്ത്രിസഭയെ അറിയിക്കാതെ കുടുംബാംഗങ്ങളുമൊത്തോ ഒറ്റക്കോ പോയ വിദേശ യാത്രകള്‍ യാത്രയുടെ ലക്ഷ്യം, ആരൊക്കെയായി കൂടിക്കാഴ്ച്ച നടത്തി തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍
വിജിലന്‍സ് കേസ് നിലവിലുണ്ട്.
മന്ത്രിയായിരുന്ന കാലത്തെ കെ ബാബുവിന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രിയെന്ന നിലക്ക് നല്‍കിയ ക്രമവിരുദ്ധമായ ഉത്തരവുകളും പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജോക്കബ്ബ് തോമസ് ഉദ്യോഗ്യസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വസ്തുവകകളും രേഖകളും പരിശോധിച്ച് ബാബു നല്‍കിയ സത്യവാങ്മൂലവുമായി താരതമ്യം ചെയ്ത് നോക്കുകയാണ് വിജിലന്‍സിപ്പോള്‍.