ഫാക്റ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ വീട്ടില്‍ നിന്ന് സി.ബി.ഐ മാന്‍തോല്‍ കണ്ടെടുത്തു
ജിപ്സം കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പ്രത്യേകസംഘം ഫാക്ട് സി.എം.ഡി ഉള്‍പ്പടെയുള്ളവരുടെ വീട്ടിലും ഓഫീസിലുമടക്കം 18 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്
ഫാക്റ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനാഥ് വി കമ്മത്തിന്‍റെ വീട്ടില്‍ നിന്ന് സി.ബി.ഐ മാന്‍തോല്‍ കണ്ടെടുത്തു. ജിപ്സം കരാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. ശ്രീനാഥ് കമ്മത്തിനെതിരെ വനംവകുപ്പ് കേസെടുത്തു.
ജിപ്സം കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പ്രത്യേകസംഘം ഫാക്ട് സി.എം.ഡി ഉള്‍പ്പടെയുള്ളവരുടെ വീട്ടിലും ഓഫീസിലുമടക്കം 18 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. 2015 ല്‍ രണ്ട് സ്വകാര്യകന്പനികള്‍ക്ക് കുറഞ്ഞ വിലക്ക് ജിപ്സം നല്‍കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിലൂടെ ഫാക്റ്റിന് കോടികളുടെ നഷ്ടം ഉണ്ടായെന്നുമാണ് കേസ്. കേസില്‍ നേരത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സിഎംഡി ജയവീര്‍ ശ്രീവാസ്തവ, ഡിജിഎം ശ്രീനാഥ് വി കമ്മത്ത്. ചീഫ് മാനേജര്‍ അംബിക തുടങ്ങി 5 ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനിടെയാണ് പുള്ളിമാന്‍റെ തോലും നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകളും മറ്റും കണ്ടെടുത്തത്. ഡിജിഎം ശ്രീനാഥ് വി കമ്മത്തിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് മാന്‍തോല്‍ കണ്ടെടുത്തത്. സി.ബി.ഐ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ശ്രീനാഥിനെതിരെ വന്യജീവിനിയമപ്രകാരം കേസെടുത്തു. 85 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം സംബന്ധിച്ച രേഖകളും ശ്രീനാഥ് കമ്മത്തിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചീഫ് മാനേജര്‍ അംബികയുടെ വീട്ടില്‍ നിന്നും സ്വര്‍ണനിക്ഷേപം സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തായും സൂചനയുണ്ട്.