ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചു: ശക്തിവേല്‍
ഒളിവില്‍ കഴിയാന്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് അറസ്റ്റിലായ മൂന്നാം പ്രതി ശക്തിവേലിന്‍റെ മൊഴി
ഒളിവിൽ കഴിയാൻ സഹായിച്ചത് ജിഷ്ണു പ്രണോയ് കേസിലെ ഒന്നാം പ്രതി പി കൃഷ്ണദാസാണെന്ന് വൈസ് പ്രിൻസിപ്പൽ എൻകെ ശക്തിവേലിന്റെ മൊഴി. സാക്ഷിയായ പ്രിൻസിപ്പലിന്റെ രഹസ്യമൊഴിയും ശക്തിവേലിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഇത് കണക്കിലെടുത്ത് കൃഷ്ണദാസിനെയും മറ്റും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം ജിഷ്ണുവിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ജിഷ്ണുവിനൊപ്പം ആ സമയം ഉണ്ടായിരുന്നത് നെഹ്റു കോളജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകൻ പ്രവീൺ എന്നിവരാണ്. പ്രിൻസിപ്പലിന്റെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതും ശക്തിവേൽ ഇന്നലെ നൽകിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ട്. കോപ്പിയടിച്ചെന്ന പേരിൽ ജിഷ്ണുവിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതും ഉത്തരക്കടലാസ് മുഴുവനായി വെട്ടിക്കളഞ്ഞതും ശക്തിവേലാണെന്നാണ് പ്രിൻസിപ്പലിന്റെ മൊഴി.
എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രവീണ്‍ പറഞ്ഞാണ് താന്‍ അറിഞ്ഞതെന്ന് ശക്തിവേല്‍ മൊഴി നല്‍കി. ശക്തിവേലും പ്രവീണും ചേർന്ന് ഇടി മുറിയെന്ന് പറയപ്പെടുന്ന ബോർഡ് റൂമിലേക്ക് ജിഷ്ണുവിനെ കൊണ്ടുപോയെന്ന് പ്രിൻസിപ്പലിന്റെ മൊഴിയിലുണ്ട്. എന്നാല്‍ പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് മാത്രമാണ് സംസാരിച്ചതെന്നാണ് ശക്തിവേൽ പറയുന്നത്. ഒളിവിൽ കഴിയുന്നതിനിടെ പാലക്കാട് ജില്ലയിലെ ഒരു ലോഡ്ജിൽ വച്ച് പി കൃഷ്ണദാസിനെ കണ്ട് സംസാരിച്ചിരുന്നായി ശക്തിവേൽ സമ്മതിച്ചു. ഒളിവിൽ കഴിയാനും നിയമ നടപടികൾക്കും സഹായിച്ചത് കൃഷ്ണദാസാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൃഷ്ണദാസ് അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.