മൂന്നാര്‍ വിഷയത്തില്‍ സിപിഎം - സിപിഐ തര്‍ക്കം തുടരുന്നു
മൂന്നാറില്‍ കൂടിയാലോചനകളില്ലാതെ റവന്യുവകുപ്പ് ഏകപക്ഷീയമായി ഇടപെടുന്നുവെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശം
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും പരസ്പരം കൊമ്പ് കോര്‍ക്കുന്നു. മൂന്നാറില്‍ കൂടിയാലോചനകളില്ലാതെ റവന്യുവകുപ്പ് ഏകപക്ഷീയമായി ഇടപെടുന്നുവെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശം. എന്നാല്‍ ഒരു പാര്‍ട്ടിയുടെ നയമല്ല, മറിച്ച് മുന്നണിയുടെ നയമാണ് മൂന്നാറില്‍ നടപ്പാക്കുന്നതെന്നാണ് സിപിഐ നിലപാട്
സര്‍ക്കാരിനെതിരെ സിപിഐ പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഇരു പാര്‍ട്ടികളും മൂന്നാര്‍ വിഷയത്തില്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെടുന്നത്. ഇന്നലെ ചേര്‍ന്ന സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ റവന്യുവകുപ്പിനെതിരെ രൂക്ഷവിമര്‍ശമാണ് ഉള്ളത്. മൂന്നാറില്‍ റവന്യു വകുപ്പ് ഏകപക്ഷീയമായി ഇടപെടുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കളക്ടറും സബ്കളക്ടറും ഏകപക്ഷീയമായാണ് മൂന്നാറില്‍ ഇടപെടുന്നത്. മുഖ്യമന്ത്രി രണ്ട് തവണ യോഗം വിളിച്ചിട്ടും പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്.
കോടിയേരി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ഇന്ന് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടക്കും. എന്നാല്‍ സിപിഎം നിലപാടിനെ സിപിഐ പൂര്‍ണ്ണമായും തള്ളിക്കയുന്നു. മൂന്നാറില്‍ റവന്യു വകുപ്പ് നടപ്പാക്കുന്നത് മുന്നണി നയമാണെന്നാണ് സിപിഐ വിശദീകരണം. പാര്‍ട്ടിയുടെ വകുപ്പില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അനാവശ്യമായി ഇടപെടല്‍ നടത്തുന്നവെന്നും സിപിഐ ആരോപിക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും പരസ്പരം വിട്ടുവീഴ്ചക്കില്ലാത്ത സാഹചര്യത്തില്‍ മൂന്നാര്‍ വിഷയം വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കും.