ഗോവിന്ദാപുരത്ത് ജാതിവിവേചനം നേരിടുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
മേല്‍ജാതിക്കാരുടെ ആക്രമണം ഭയന്ന് ക്ഷേത്രമുറ്റത്ത് കഴിയുന്ന ചക്ലിയര്‍ക്ക് സ്വന്തം വീടുകളില്‍ സുരക്ഷയൊരുക്കണമെന്നാണ് ഡിജിപിയോടും ജില്ലാ പോലീസ് മേധാവിയോടും ഡിവൈഎസ്പിയോടും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനം നേരിടുന്ന ചക്ലിയര്‍ക്ക് അവരുടെ വീടുകളില്‍ സുരക്ഷിതമായി കഴിയാന്‍ അടിയന്തിരമായി പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ അടിയന്തിരമായി വിശദീകരണം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പടെ മുഴുവന്‍ കക്ഷികളോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
മേല്‍ജാതിക്കാരുടെ ആക്രമണം ഭയന്ന് ക്ഷേത്രമുറ്റത്ത് കഴിയുന്ന ചക്ലിയര്‍ക്ക് സ്വന്തം വീടുകളില്‍ സുരക്ഷയൊരുക്കണമെന്നാണ് ഡിജിപിയോടും ജില്ലാ പോലീസ് മേധാവിയോടും ഡിവൈഎസ്പിയോടും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. അംബേദ്കര്‍ കോളനി വാസികളായ ശിവരാജന്‍, ശെല്‍വകുമാര്‍, എന്നിവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമാണ് ഈ ആവശ്യമുന്നയിച്ചത് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. ചക്ലിയര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹരജിയിലെ അടിയന്തിര ആവശ്യം.
കോളനിയില്‍ നടമാടുന്ന അയിത്തത്തെ കുറിച്ച് അന്വേഷിക്കണം, പട്ടികജാതി പീഡനത്തെ കുറിച്ചുള്ള പരാതികളിന്‍മേല്‍ നടപടി സ്വീകരിക്കാതിരുന്ന പൊലീസ് അനാസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് തേടണം, പട്ടികജാതി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെ പറ്റി അന്വേഷിക്കണം തുടങ്ങിയവയായിരുന്നു ഹരജിയിലെ ആവശ്യം. കോളനിയിലെ ചായക്കടയിലും ശ്മശാനത്തിലുമുള്‍പ്പടെ അയിത്തം നടമാടുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോടും മുതലമട പഞ്ചായത്തിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.