പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിമത ഭീഷണി
കണ്ണൂര്‍ പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ മത്സരരംഗത്ത്.
കണ്ണൂര്‍ പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ മത്സരരംഗത്ത്. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ജോസഫാണ് സണ്ണി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ അഞ്ച് സിറ്റിംഗ് സീറ്റുകളില്‍ നാലിടത്തും യുഡിഎഫിന് വിമത സ്ഥാനാര്‍ഥികളായി.
പേരാവൂരില്‍ രണ്ടാം വട്ട മത്സരത്തിനിറങ്ങുന്ന സണ്ണി ജോസഫിനെതിരെ കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ജോസഫാണ് വിമതനായി രംഗത്തുവന്നത്. കൊട്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, ബീ ഫെഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും കെ ജെ ജോസഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സണ്ണി ജോസഫിന്റെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് കെ ജെ ജോസഫ് പറഞ്ഞു.
കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍ മണ്ഡലങ്ങള്‍ക്ക് പിന്നാലെയാണ് പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ മത്സരരംഗത്ത് എത്തുന്നത്. ഇതോടെ ജില്ലയിലെ അഞ്ച് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകളില്‍ നാലിടത്തും വിമത സ്ഥാനാര്‍ഥികളായി. ഇതിനിടയില്‍ കണ്ണൂരിലെ വിമതന്‍ പി കെ രാഗേഷിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ യുഡിഎഫ് വിമത സ്ഥാനാര്‍ഥികളും ഇന്ന് കണ്ണൂരില്‍ യോഗം ചേര്‍ന്നു. ഒരു പുതിയ മുന്നണി രൂപീകരിച്ച് ഇതിനു കീഴില്‍ മത്സരിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം.