നീതിപീഠത്തിന്റെ കനിവില്‍ ആലിയ ഫാത്തിമക്ക് പുതുജീവന്‍
ഹൈക്കോടതിയുടെ കനിവില്‍ ഒമ്പത് മാസം പ്രായമുള്ള ആലിയ ഫാത്തിമയുടെ കരള്‍ മാറ്റിവെച്ചു.
ഹൈക്കോടതിയുടെ കനിവില്‍ ഒമ്പത് മാസം പ്രായമുള്ള ആലിയ ഫാത്തിമയുടെ കരള്‍ മാറ്റിവെച്ചു. സര്‍ക്കാരിന്റെ ധനസഹായവും കൃത്യമായ സമയത്ത് അവയവദാതാവിനെ കിട്ടിയതും കുഞ്ഞ് ആലിയയ്ക്ക് തുണയായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മെഡിക്കല്‍ ടീം അറിയിച്ചു.
ക്യാമറയും ആള്‍ക്കൂട്ടവും കണ്ട് കുഞ്ഞ് ആലിയ കരച്ചിലോടു കരച്ചില്‍. കരള്‍ പകുത്തു നല്‍കിയ കരളായ അമ്മ ശ്രീരഞ്ജിനി എടുത്തതും ആലിയ കരച്ചില്‍ നിറുത്തി. പിന്നെ ശ്രീരഞ്ജിനിക്കൊപ്പം ക്യാമറയ്ക്കുമുന്നില്‍. ആശാ വര്‍ക്കറായി ജോലിചെയ്യുന്ന തിരുവനന്തപുരം കരമന സ്വദേശി ശ്രീരഞ്ജിനിക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു അപ്പോള്‍. ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഹൈക്കോടതിയുടെ ഇടപെടലായിരുന്നു അത്. കുടുംബവഴക്കിനെ തുടര്‍ന്ന് മാതാവ് സജിനിയുടെയും അവരുടെ പിതാവ് നാസറുദ്ദീന്റെയും വാശിയില്‍ ചികിത്സ മുടങ്ങി. മകളെ ചികിത്സിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് തിരുവനന്തപുരം സ്വദേശി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് പികെ അബ്ദുള്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിസാര വഴക്കുകള്‍ മറന്ന് കുഞ്ഞിനെ ചികിത്സിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. ചികിത്സയുടെ ആദ്യഘട്ടം മുതല്‍ ഇടപെട്ടിരുന്ന ജസ്റ്റിസ് പികെ അബ്ദുള്‍ റഹീം ഇന്ന് രാവിലെ ആലിയയെ സന്ദര്‍ശിച്ചിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം നല്‍കി, ഒപ്പം കിംസിലെ ഡോക്ടര്‍മാരുടെ പ്രയത്നവും. കുഞ്ഞ് ആലിയ പുതുജീവിതത്തിലേക്ക് മെല്ലെ കാലെടുത്തു വെക്കുന്നു.