ബോട്ടുടമകളുമായി സഹകരിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കും: മുഖ്യമന്ത്രി
300 പേര്‍ തിരിച്ചെത്താനുണ്ടെന്ന കണക്കുകള്‍ ശരിയല്ലെന്ന് ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് അനുസരിച്ച് തെരച്ചിലിന് വേണ്ടി ബോട്ടുകള്‍ നല്‍കാമെന്ന് ബോട്ടുടമകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം 300 പേര്‍ തിരിച്ചെത്താനുണ്ടെന്ന കണക്കുകള്‍ ശരിയല്ലെന്ന് ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
ബോട്ടുടമകളെ പ്രത്യേകമായി കണ്ടാണ് തിരച്ചിലിന് 200 ബോട്ടുകളെങ്കിലും വിട്ടുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സാങ്കേതിക സഹായവും മത്സ്യത്തൊഴിലാളികളെയും കിട്ടിയാല്‍ തിരച്ചിലിന് ഇറങ്ങാമെന്ന് ബോട്ടുടമകള്‍ സമ്മതിച്ചു.
സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തം കൈകാര്യം ചെയ്ത രീതി കാര്യക്ഷമമല്ലെന്ന പരാതി മത്സ്യത്തൊഴിലാളികള്‍ യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയേയും ഫിഷറീസ് - റവന്യൂ - ദേവസ്വം മന്ത്രിമാരേയും നേരിട്ടറിയിച്ചു. സുരക്ഷാ മുന്‍കരുതലെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. അതേസമയം കാണാതായവരുടെ കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ക്രിസ്തുമസിന് തിരിച്ചെത്തുന്ന രീതിയില്‍ വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ ഇനി തിരിച്ച് വരാനുള്ളവരെയെല്ലാം കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലന്നും മന്ത്രി വിശദീകരിച്ചു.