കണ്ണൂരില്‍ സിപിഎം നേതൃത്വവും എസ്‍പിയും തമ്മില്‍ ഭിന്നത രൂക്ഷം

Update: 2018-04-23 06:08 GMT
കണ്ണൂരില്‍ സിപിഎം നേതൃത്വവും എസ്‍പിയും തമ്മില്‍ ഭിന്നത രൂക്ഷം
Advertising

പ്രവര്‍ത്തകര്‍ക്കതിരെയുളള പോലീസ് നിലപാടില്‍ പാര്‍ട്ടിക്കുളള അതൃപ്തി ജില്ലാ സെക്രട്ടറി പി ജയരാജന്‍ എസ്പിയെ നേരിട്ടറിയിച്ചു.

Full View

കണ്ണൂരില്‍ സിപിഎം ജില്ലാ നേതൃത്വവും പോലീസ് മേധാവിയും തമ്മിലുളള ഭിന്നത രൂക്ഷമാകുന്നു. പ്രവര്‍ത്തകര്‍ക്കതിരെയുളള പോലീസ് നിലപാടില്‍ പാര്‍ട്ടിക്കുളള അതൃപ്തി ജില്ലാ സെക്രട്ടറി പി ജയരാജന്‍ എസ്പിയെ നേരിട്ടറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതലാണ് കണ്ണൂര്‍ എസ് പി സഞ്ജയ്കുമാര്‍ ഗുരുദിനും സിപിഎം ജില്ലാ നേതൃത്വവും തമ്മില്‍ പരസ്യമായ പോര് തുടങ്ങുന്നത്. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ പ്രതിപ്പട്ടിക എസ്‍പി നിരാകരിച്ചതായിരുന്നു കാരണം. കേസന്വേഷണം ഡിവൈഎഫ്ഐ നേതാക്കളുടെ അറസ്റ്റോളമെത്തിയതോടെ സിപിഎം പ്രാദേശിക നേതൃത്വം എസ്പിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് ജില്ലാ നേതാവിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു. പിന്നാലെ ഇടത് അനുകൂല പോലീസുകരുടെ സ്ഥലം മാറ്റപ്പട്ടികക്ക് എസ്.പി അംഗീകാരം നല്‍കാതിരുന്നതും പോര് രൂക്ഷമാക്കി.

ഇതിനിടയിലായിരുന്നു പയ്യന്നൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിന്റെ പേരില്‍ പോലീസ് കാപ്പ ചുമത്തിയത്. ഇതോടെ പോലീസ് സ്റ്റേഷന്‍ ഉപരോധം അടക്കമുളളവയിലേക്ക് നീങ്ങി കാര്യങ്ങള്‍. തൊട്ടുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ടെത്തി നേതൃത്വത്തിന്റെ അതൃപ്തി എസ്.പിയെ അറിയിച്ചു. പോലീസ് നടപടികളിലുളള അതൃപ്തി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടന്നും പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കറിനെ മാറ്റി നിലവിലെ എസ്.പി സഞ്ജയ്കുമാര്‍ ഗുരുദിനെ കണ്ണൂരില്‍ നിയമിച്ചത്.

Tags:    

Similar News