ഡൊണാള്‍ഡ് ട്രംപ് അപമാനിച്ചവരുടെ ലിസ്റ്റുമായി ന്യൂയോര്‍ക്ക് ടൈംസ്
ട്രംപ് ഇതു വരെ പ്രചാരണത്തിനിടെ ട്വിറ്ററിലൂടെ അപമാനിച്ച വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരടക്കമാണ് ന്യൂയോര്‍ക് ടൈംസ് പത്രം ഇന്ന് പുറത്തിറങ്ങിയത്
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ അമേരിന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അപമാനിച്ചവരുടെ ലിസ്റ്റുമായി ന്യൂയോര്‍ക്ക് ടൈംസ്. വ്യക്തികള്‍, സ്ഥലങ്ങള്‍, കാര്യങ്ങള്‍ എന്നിങ്ങനെ ട്രംപ് അപമാനിച്ച 281 സംഭവങ്ങളുടെ വിശദീകരണ ലിസ്റ്റാണ് പത്രം 2 പേജിലായി പുറത്ത് വിട്ടത്. സംഭവം ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടിയായിട്ടുണ്ട്.
ട്രംപ് ഇതു വരെ പ്രചാരണത്തിനിടെ ട്വിറ്ററിലൂടെ അപമാനിച്ച വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരടക്കമാണ് ന്യൂയോര്‍ക് ടൈംസ് പത്രം ഇന്ന് പുറത്തിറങ്ങിയത്. പത്ര റിപ്പോര്‍ട്ട് പ്രകാരം എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണാണ് ആക്ഷേപം കൂടുതല്‍ ഏറ്റുവാങ്ങിയ വ്യക്തി.
വഞ്ചകി, പൊട്ടി, വൃത്തികെട്ട സ്ത്രീ എന്നിങ്ങിനെ പോകുന്നു ഹിലരിക്കുള്ള വിശേഷണങ്ങള്‍. വാള്‍സ്ട്രീറ്റ് ജേണലിനെ നുണയന്മാരെന്ന് ട്രംപ് വിളിച്ചതായി പത്രം പറയുന്നു.മോശക്കാരെന്ന് ചൈനയേയും അഴിമതി നിറഞ്ഞ രാജ്യമെന്ന് മെക്‌സിക്കോയേയും ട്രംപ് വിളിച്ചു. ജനുവരിയിലാണ് ആദ്യ ലിസ്റ്റ് ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ടത്. അതിന്റെ രണ്ടാം പതിപ്പാണിത്.
പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പൊതുവെ പതിവിലും സൂക്ഷിച്ചാണ് സംസാരിക്കുകയെങ്കില്‍ ട്രംപിന്റെ കാര്യത്തില്‍ നേരെ മറിച്ചാണുണ്ടായതെന്ന് പത്രം പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിലവാരം കുറക്കാനും നിറം മങ്ങാനുമാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ ഇടയാക്കിയത്. സംഭവം ട്രംപിന്റെ ക്യാമ്പയിന് തിരിച്ചടിയായിട്ടുണ്ട്.