പരവൂര്‍ വെടിക്കെട്ട് ദുരന്തം: കൊല്ലം കലക്ടര്‍ക്കെതിരെ ക്ഷേത്രഭാരവാഹികളുടെ മൊഴി
നിരോധന ഉത്തരവ് നല്‍കിയ ശേഷവും കലക്ടറുമായി ചര്‍ച്ച നടത്തി എന്നാണ് കേസില്‍ ഒന്നും രണ്ടും പ്രതികളായ കൃഷ്ണന്‍ കുട്ടി പിള്ളയും ജയലാലും മൊഴി നല്‍കിയിരിക്കുന്നത്. ഈ ചര്‍ച്ചയില്‍ കലക്ടര്‍ പൊലീസില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് നേടി എടുക്കാന്‍ നിര്‍ദേശിച്ചതായി പ്രതികളുടെ മൊഴിയില്‍ പറയുന്നു...
കൊല്ലം കലക്ടര്‍ക്കെതിരെ ക്ഷേത്ര ഭാരവാഹികള്‍ മൊഴി നല്‍കി. നിരോധന ഉത്തരവ് നല്‍കിയ ശേഷവും കലക്ടറുമായി ചര്‍ച്ച നടത്തി എന്നാണ് കേസില്‍ ഒന്നും രണ്ടും പ്രതികളായ കൃഷ്ണന്‍ കുട്ടി പിള്ളയും ജയലാലും മൊഴി നല്‍കിയിരിക്കുന്നത്. ഈ ചര്‍ച്ചയില്‍ കലക്ടര്‍ പൊലീസില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് നേടി എടുക്കാന്‍ നിര്‍ദേശിച്ചതായി പ്രതികളുടെ മൊഴിയില്‍ പറയുന്നു.
കലക്ടര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് തങ്ങള്‍ പൊലീസില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് നേടി എടുത്തതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ ഓഫീസിലെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. നേരത്തെ മന്ത്രി സഭാ യോഗത്തില്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നേരത്ത കൊല്ലം തഹസില്‍ദാര്‍ അപകടം നടന്ന സമയത്ത് ഉണ്ടായിരുന്നു എന്നായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇദ്ദേഹം തിരുവനന്തപുരത്തായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇന്ന് കസ്റ്റഡിയിലായ കരിമരുന്ന തൊഴിലാളികളെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്. കൃഷ്ണന്‍ കുട്ടിക്കായി ഇന്നും എറണാകുളത്ത് തെരച്ചില്‍ നടന്നു.