ജിഷ കൊലപാതക കേസ്: രഹസ്യ വിചാരണ നടത്തുന്നതില്‍ ഭിന്നാഭിപ്രായം
വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതക കേസില്‍ രഹസ്യ വിചാരണ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ജിഷ വധക്കേസില്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന രഹസ്യ വിചാരണയെക്കുറിച്ച് ഭിന്നാഭിപ്രായം. വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതക കേസില്‍ രഹസ്യ വിചാരണ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇരയുടെയും സാക്ഷികളുടെയും സ്വകാര്യത സംരക്ഷിക്കുന്നതിനാണ് രഹസ്യ വിചാരണ നടത്താന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്.
കേസന്വേഷണം പൂര്‍ത്തിയാക്കി ഏക പ്രതിയെ കണ്ടെത്തി കുറ്റപത്രം സമര്‍പിച്ച കേസിലാണ് കോടതി രഹസ്യ വിചാരണ നടത്തുന്നത്. ഇരയുടെയും സാക്ഷികളുടേയും സ്വകാര്യത സംരക്ഷിക്കാനാണ് രഹസ്യ വിചാരണയെന്നാണ് കോടതി ഉത്തരവ്. ലോകം മുഴുവന്‍ ഇരയെക്കുറിച്ച് ചര്‍ച്ച ചെയ്ത കേസില്‍ എന്ത് സ്വകാര്യതയാണ് സംരക്ഷിക്കാനുള്ളതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു.
2013ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ ഭേദഗതി പ്രകാരമാണ് പീഡന കേസുകളില്‍ രഹസ്യ വിചാരണ നടത്തുന്നത്. ഇരയുടെ ഭാവി ജീവിതവും സ്വകാര്യതയും മാനിക്കാണ് രഹസ്യ വിചാരണ. എന്നാല്‍ ജിഷയുടേത് പീഡനത്തിനുമപ്പുറം കൊലപാതക കേസായാണ് കോടതി പരിഗണിക്കുന്നത്. അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജിഷയുടെ പിതാവ് പാപ്പു സുപ്രീം കോടതിയില്‍ ഹരജി നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തേടിയിരിക്കുകയാണ്.