ശബരിമല വെബ്സൈറ്റില്‍ ഗുരുതര തെറ്റുകള്‍
പഴയ ഭരണ സമിതി അംഗങ്ങളും അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളുമെല്ലാം തല്‍സ്ഥാനത്ത് തുടരുന്നതായാണ് വെബ്സൈറ്റ് പറയുന്നത്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റ് പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ട് ഒരാഴ്ച പിന്നിടുമ്പോഴും ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് പഴയപടി തന്നെ. പഴയ ഭരണ സമിതി അംഗങ്ങളും അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളുമെല്ലാം തല്‍സ്ഥാനത്ത് തുടരുന്നതായാണ് വെബ്സൈറ്റ് പറയുന്നത്.
എ.പത്മകുമാര്‍ അധ്യക്ഷനായ പുതിയ ദേവസ്വം ബോര്‍ഡ് അധികാരമേറ്റിട്ട് ആഴ്ചയൊന്ന് പൂര്‍ത്തിയായിട്ടും ശബരിമലയുടെ വെബ്സൈറ്റില്‍ ഇപ്പോഴും ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്നെ. മറ്റൊരു അംഗമായ അജയ് തറയിലിന്റെയും പേര് വിവരങ്ങള്‍ ഉണ്ട്. വൈദ്യുത മന്ത്രിയായി എംഎം മണി ചുമതലയേറ്റിട്ട് മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും വെബ് സൈറ്റ് പ്രകാരം വൈദ്യുതി വകുപ്പ് ഇപ്പോഴും കടകംപള്ളി സുരേന്ദ്രനാണ് കൈകാര്യം ചെയ്യുന്നത്.
പാത്രം അഴിമതി കേസില്‍ ആരോപണ വിധേയനായ മുന്‍ ദേവസ്വം സെക്രട്ടറിയും മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനുമായ വിഎസ് ജയകുമാര്‍ പുറത്താക്കപ്പെടുകയും പകരം എസ് ജയശ്രീ തല്‍സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതും ഔദ്യോഗിക വെബ്സൈറ്റ് അറിഞ്ഞ മട്ടില്ല. വി എന്‍ ചന്ദ്രശേഖരാണ് നിലവില്‍ ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എന്നാല്‍ ആര്‍ വി ശങ്കറിന്റെ പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുപോലും വിവരങ്ങള്‍ക്കായി ഭക്തര്‍ ആശ്രയിക്കുന്ന സൈറ്റിലാണ് ഗുരുതരമായ ഈ പിഴവുകള്‍ കടന്നുകൂടിയിരിക്കുന്നത്.