ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ തോമസ് ചാണ്ടി സുപ്രിം കോടതിയില്‍
സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടമായി എന്ന പരാമര്‍ശം തെറ്റാണെന്നും, സര്‍ക്കാരിനെതിരെയല്ല, കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ പറയുന്നു.
കായല്‍ കയ്യേറ്റക്കേസില്‍ അപ്പീലുമായി തോമസ് ചാണ്ടി സുപ്രിം കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരമാര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും, ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹരജിയിലെ മുഖ്യ ആവശ്യങ്ങള്‍. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടമായി എന്ന പരാമര്‍ശം തെറ്റാണെന്നും, സര്‍ക്കാരിനെതിരെയല്ല, കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ പറയുന്നു.
രാജിയിലേക്ക് നയിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നതാണ് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിയിലെ പ്രധാന ആവശ്യം. സര്‍ക്കാരിനെതിരെ മന്ത്രി കേസിന് പോയെന്നും, ഇതിലൂടെ മന്ത്രിസഭയുടെ കൂട്ടത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നുമുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണ്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. അതിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് കോടതിയെ സമീപിച്ചതെന്നും ഹരജില്‍ തോമസ് ചാണ്ടി അവകാശപ്പെടുന്നു.
ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നതാണ് മറ്റൊരാവശ്യം. ഈ രണ്ട് കാര്യങ്ങളിലും ഉടന്‍ വാദം കേട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും, വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതി ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് ഈ മാസം പതിനഞ്ചിനാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് രാജിവെച്ചത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഇന്ന് അപ്പീല്‍ സമര്‍പ്പിച്ചത്.