കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

Update: 2018-04-24 04:22 GMT
കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്
Advertising

അഞ്ചു വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് തുക മാറ്റിവയ്ക്കാന്‍ കഴിയുന്നില്ല

കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്. പെന്‍ഷന്‍ ഫണ്ടിലേക്ക് കഴിഞ്ഞ 5 വര്‍ഷമായി തുക മാറ്റിവെക്കാന്‍ കഴിയുന്നില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ തൊഴിലാളി സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ദൈനംദിന വരുമാനത്തിൽ നിന്ന് പെന്‍ഷന്‍ കൊടുത്ത് മുന്നോട്ട് പോകാനാകില്ല. കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കത്തില്‍ പറയുന്നു.

Full View

കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ എന്‍ എസ് പിള്ള തൊഴിലാളി സംഘടനകള്‍ക്കയച്ച കത്തിലൂടെയാണ് കെഎസ്ഇബിയിലെ പെന്‍ഷന്‍ പ്രതിസന്ധി പുറത്തറിയുന്നത്. 1877 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നത്. ഈ പ്രതിസന്ധി കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റുവിറ്റി ഫണ്ടിലേക്ക് ബോര്‍ഡിന്റെ വിഹിതം നല്‍കാന്‍ കഴിയുന്നില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കുന്നു. കെഎസ്ഇബി കമ്പനിയായി രൂപീകരിച്ചപ്പോഴുണ്ടാക്കിയ ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പെന്‍ഷന്‍ മാസ്റ്റര്‍ ഫണ്ട് രൂപീകരിച്ചത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ കെഎസ്ഇബിക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ 5 വര്‍ഷമായി ഫണ്ടിലേക്ക് തുക മാറ്റിയിട്ടില്ല. പെന്‍ഷന്‍ ബോണ്ടുകളിറക്കി പലിശ ട്രസ്റ്റിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടപ്പായിട്ടില്ല.

2013 ല്‍ ആകെ പെന്‍ഷന്‍ബാധ്യത 12418 കോടി രൂപ ആയിരുന്നെങ്കില്‍ ഈ വര്‍ഷമത് 16150 കോടി രൂപയായി. ഈ വര്‍ഷത്തെ മാത്രം പെന്‍ഷന്‍ ബാധ്യത 1208 കോടി രൂപയാണ്. ദൈനംദിന ചെലവുകളില്‍ നിന്നാണ് കെഎസ്ഇബി ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇങ്ങനെ ദൈനംദിന ചെലവുകളില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നതില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ പെന്‍ഷഫണ്ടിലേക്ക് തുക മാറ്റി വെച്ചില്ലെങ്കില്‍ കെഎസ് ആര്‍ടിസിയെ പോലെ പെന്‍ഷന്‍ മുടങ്ങുമെന്ന സാഹചര്യമാകും കെഎസ്ഇബിയിലും ഉണ്ടാവുക. സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും നല്‍കാനുള്ള വൈദ്യുതി ബില്‍ കുടിശ്ശിക 2441 കോടി രൂപയാണ്. ഇത് പിരിച്ചെടുക്കാന്‍ ഊര്‍ജ്ജിത നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു.

Tags:    

Similar News