ഇതര സംസ്ഥാന ടാക്സി വാഹനങ്ങള്‍ക്ക് നികുതി;സഞ്ചാരികളും ടാക്സി ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍

Update: 2018-04-25 17:10 GMT
ഇതര സംസ്ഥാന ടാക്സി വാഹനങ്ങള്‍ക്ക് നികുതി;സഞ്ചാരികളും ടാക്സി ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍
Advertising

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കെത്തുന്ന ടാക്സി വാഹനങ്ങള്‍ക്ക് കേരളം ഏര്‍പ്പെടുത്തിയ ഒരു വര്‍ഷ നികുതി മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കി തുടങ്ങി.

Full View

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കെത്തുന്ന ടാക്സി വാഹനങ്ങള്‍ക്ക് കേരളം ഏര്‍പ്പെടുത്തിയ ഒരു വര്‍ഷ നികുതി മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കി തുടങ്ങി. ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കാണ് ഒരുവര്‍ഷ നികുതി അടയ്ക്കേണ്ടി വരുന്നത്. നികുതി ഈടാക്കുന്നതിനെതിരെ സഞ്ചാരികളും ടാക്സി ഡ്രൈവര്‍മാരും പ്രതിഷേധത്തിലാണ്.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടാക്സി വാഹനങ്ങള്‍ക്കാണ് ഒറ്റത്തവണ നികുതി ഈടാക്കുന്നത്. സംസ്ഥാന പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ളതുപോലെ ഏഴുദിവസത്തേയ്ക്ക് താല്‍കാലിക പെര്‍മിറ്റ് നല്‍കുന്നുണ്ട്. സാധാരണ ബസുകളില്‍ ഒരു സീറ്റിന് 2250 രൂപയാണ് നികുതി. പുഷ്ബാക്ക് സീറ്റ് സംവിധാനമുള്ളവയാണെങ്കില്‍ ഇത് 3500 രൂപയാണ്. സ്ലീപ്പര്‍ ബസുകള്‍ക്ക് 4000 രൂപയാണ് ഈടാക്കുന്നത്. ട്രാവലറുകള്‍ക്കും ഇതേ നിരക്കാണ്. മൂന്നുമാസത്തേയ്ക്കാണ് നികുതി ഈടാക്കുന്നത്. കാറുകള്‍ക്ക് രണ്ടായിരവും ആറ് പേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനങ്ങള്‍ക്ക് ആറായിരം രൂപയും ഈടാക്കുന്നു. ഇത് ഒരു വര്‍ഷത്തേയ്ക്കാണ്. കര്‍ണാടകയില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ നിന്നും ഈ നികുതി ഈടാക്കണമെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. തമിഴ്നാട് വാഹനങ്ങള്‍ക്ക് മൂന്നു മാസത്തേയ്ക്ക് പണം അടയ്ക്കാം. കര്‍ണാടകയില്‍ ഇതേ നികുതി സംവിധാനമായതിനാലാണ് ഇവിടെയും നടപ്പാക്കുന്നതെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു.

ചെക് പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ളവയാണ്. ഇവര്‍ നികുതി അടയ്ക്കാന്‍ തയ്യാറാകാത്തത്, ചെക്ക്പോസ്റ്റുകളില്‍ വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ മുത്തങ്ങയിലെത്തുന്ന വാഹനങ്ങള്‍ അവിടെ പാര്‍ക്കു ചെയ്ത് കേരളത്തിലെ വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിവിടുകയാണ് ചെയ്യുന്നത്. ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

നാല് പേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനത്തിന് നൂറ് രൂപയാണ് ഈടാക്കിയ സ്ഥാനത്താണ് ഇപ്പോള്‍ 2000 രൂപയായിരിക്കുന്നതെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു. അതും ഒരു വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്ക്കണമെന്നാണ് പറയുന്നത്. ആറ് പേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനത്തിന് ആറായിരം രൂപയും നല്‍കണം. ഇത് വലിയ ബുദ്ധിമുട്ടാണ്. വാഹനം വിളിയ്ക്കുന്നവര്‍ ഇത്രയും പണം നല്‍കാന്‍ തയ്യാറാവില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

സംസ്ഥാനത്തെ നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ധനകാര്യ കമ്മീഷനില്‍ ഈ നിര്‍ദേശം ഉണ്ടായത്. ഇതുവഴി വലിയൊരു തുക ഖജനാവിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News