നെല്ല് സംഭരണം വൈകുന്നു; കര്‍ഷകര്‍ ആശങ്കയില്‍
സര്‍ക്കാര്‍ നെല്ലുസംഭരണം മെല്ലപ്പോക്കായതിനാല്‍ ക്വിന്‍റല്‍ കണക്കിന് നെല്ലാണ് പാടത്തിനരികെ കൂട്ടിയിട്ടിരിക്കുന്നത്.
നെല്ലുസംഭരണം വൈകുന്നത് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നു. സര്‍ക്കാര്‍ നെല്ലുസംഭരണം മെല്ലപ്പോക്കായതിനാല്‍ ക്വിന്‍റല്‍ കണക്കിന് നെല്ലാണ് പാടത്തിനരികെ കൂട്ടിയിട്ടിരിക്കുന്നത്. കൃഷിച്ചിലവ് ഓരോ തവണയും ഏറിവരുന്നതിനാല്‍ കൂടുതല്‍ വിലനല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
അപ്പര്‍ കുട്ടനാടന്‍ മേഖലയായ വലിയ പുതുക്കരി, പൂവത്തുക്കരി, ദേവസ്വംകരി, അരികുപുറം, ഇട്ടിയേക്കാടന്‍കരി തുടങ്ങിയ നെല്‍പാടത്തെ കാഴ്ചയാണിത്. അഞ്ച് ദിവസത്തിലേറെയായി മെതിച്ചു വൃത്തിയാക്കി സംഭരിക്കാന്‍ പാകത്തിന് ഒരിക്കിയിട്ടതാണ് ക്വിന്‍റല്‍ കണക്കിന് നെല്ല്. സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കര്‍ഷകര്‍ വേനല്‍മഴയെ പേടിച്ച് നെല്ലിനു ചുറ്റും കുത്തിയിരുപ്പാണ്, സംഭരണത്തിനായി സര്‍ക്കാര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍. ഇതുമുതലെടുത്ത് സ്വകാര്യ മില്ലുകള്‍ അമിത താരിഫ് ചോദിച്ച് രംഗത്തെത്തിയതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
നെല്‍കൃഷിക്കായുള്ള ചെലവ് ഏറിവരുന്നതിനാല്‍ സംഭരിക്കുന്ന നെല്ലിന് കൂടുതല്‍ തുക നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഭാരിച്ച ചെലവില്‍ വിത്തുവിതച്ച് കൊയ്ത് മെതിച്ചെടുക്കുന്ന നെല്ല് കണ്‍മുന്നില്‍ നശിച്ചുപോകുന്ന കാഴ്ച ഒഴിവാക്കാനാണ് കര്‍ഷകരുടെ ശ്രമം. സര്‍ക്കാര്‍ പിന്തുണ ലഭിക്കാത്തതിന് പുറമെ സ്വകാര്യ മില്ലുടമകളുടെ അമിത താരിഫുമാകുമ്പോള്‍ നെല്‍കൃഷിയെ എങ്ങനെ താങ്ങിനിര്‍ത്തുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.