കേരളം പനിക്കിടക്കയില്‍; രോഗികള്‍ തറയില്‍
പനി ബാധിച്ച് കിടത്തി ചികിത്സക്ക് വിധേയമായ പലരും മറ്റ് പല അസുഖങ്ങള്‍ക്കും കൂടി ചികിത്സ തേടേണ്ട അവസ്ഥയിലാണ് ഇപ്പോള്‍
പനി പടര്‍ന്ന് പിടിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, ജനറല്‍ ആശുപത്രിയിലും തറയില്‍ കിടത്തിയാണ് രോഗികളെ ചികിത്സിക്കുന്നത്. പനി ബാധിച്ച് കിടത്തി ചികിത്സക്ക് വിധേയമായ പലരും മറ്റ് പല അസുഖങ്ങള്‍ക്കും കൂടി ചികിത്സ തേടേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. മീഡിയാവണ്‍ അന്വേഷണം...
രോഗികള്‍ ഒഴുകി എത്തുമ്പോഴും കൂടുതല്‍ പനി വാര്‍ഡുകള്‍ തുറക്കാനുള്ള ഒരു നടപടിയും മിക്ക സര്‍ക്കാര്‍ ആശുപത്രികളിലുമില്ല തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒരു ബെഡ്ഡില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ കിടന്ന് നിറഞ്ഞതിന് ശേഷം ബെഞ്ചിലാണ് ബാക്കിയുള്ളവരുടെ കിടപ്പ്. അതും കിട്ടാത്തവര്‍ തറയില്‍ കിടക്കുന്നു. ഇതില്‍ പ്രായമായ മിക്കവര്‍ക്കും പല പല അസുഖങ്ങള്‍ ഉണ്ട്. കുറച്ച് ദിവസമായി തറയില്‍ കിടക്കുന്നത് കൊണ്ട് നടുവേദന പിടിച്ചവരേയും കണ്ടു. അസൌകര്യങ്ങളുടെ കണക്ക് ഇനിയും കുറേ ഉണ്ട്.
സംസ്ഥാനത്ത് ഈ വര്‍ഷം പനിമരണങ്ങള്‍ റിക്കോര്‍ഡിലേക്ക്. ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് 166 പേര് മരിച്ചു. പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഈ വര്‍ഷമാണ്. 36 പേർക്കാണ് ഞായറാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ ഒരാൾക്കും ആലപ്പുഴയിൽ എട്ടുപേർക്കും തൃശൂരിൽ 26 പേർക്കും ഞായറാഴ്ച ഡെങ്കി സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് മലേറിയ കണ്ടെത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 174 പേർ ചികിത്സതേടി. അതിൽ 48 പേർ തലസ്ഥാന ജില്ലയിലാണ്.
കൂടാതെ അഞ്ചുപേർ എച്ച് 1എൻ 1ബാധിച്ചും ചികിത്സ തേടി. എറണാകുളത്ത് നാലുപേർക്കും വയനാട്ടിൽ ഒരാൾക്കുമാണ് എച്ച് 1എൻ 1സ്ഥിരീകരിച്ചത്. പകർച്ചപ്പനി റിപ്പോർട്ടിംഗിലും കാര്യമായ കുറവാണ് ഉണ്ടായത്. മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി 8010 പേർ പകർച്ചപ്പനിക്ക് ചികിത്സതേടി. അതിൽ 375 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.