വിഴിഞ്ഞത്ത് വീടുകള്‍ക്ക് കേടുപാടുണ്ടായത് പൈലിങ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം വിഴിഞ്ഞത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് പൈലിങ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്.
തിരുവനന്തപുരം വിഴിഞ്ഞത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് പൈലിങ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച ചെന്നൈ ഐഐടിയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
ഈ കഴിഞ്ഞ ജൂണ്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പൈലിങ് നടത്തിയത്. പൈലിങ് നടത്തുമ്പോള്‍ തന്നെ ഐഐടി നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ സമീപപ്രദേശത്തെ വീടുകളില്‍ എത്തുകയും പ്രകമ്പനത്തിന്റെ തോത് അളന്ന് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 90 മീറ്ററിനുള്ളില്‍ ചെറിയ പ്രകമ്പനത്തിന്റെ ആഘാതം റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. എന്നാല്‍ 100 മീറ്ററില്‍ ആഘാതം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീടുകളുള്ളത് 100 മീറ്റര്‍ പരിധിയിലാണ്.
വീടുകള്‍ക്ക് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകളാണെന്നും പൈലിങ് മൂലമല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രവുമല്ല ഒരാഴ്ച തുടര്‍ച്ചയായി പൈലിങ് നടത്തിയാല്‍ മാത്രമേ കൃത്യതയോടെ ആഘാതം അളക്കാന്‍ കഴിയൂ എന്നും പറയുന്നു. പൈലിങ് തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങളുടെ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. കേടുപാടുകളുടെ കാരണം പൈലിങ് മൂലമാണെന്ന് കണ്ടെത്തിയാല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും നിലപാട്.
അതേസമയം സമരം തുടങ്ങി എട്ട് ദിവസമായിട്ടും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കും സര്‍ക്കാരിനും ഉണ്ടായിരിക്കുന്നത്.