കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ജാമ്യത്തിനെതിരായ ഹരജി തള്ളി
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ജിഷ്ണുവിന്‍റെ അമ്മ മഹിജയും നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ജിഷ്ണുവിന്‍റെ മരണത്തിൽ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്ര സർക്കാരിന്‍റെ അറ്റോർണി ജനറൽ മുകുൾ റോഹ്തകിയും ജിഷ്ണുവിന്‍റെ അമ്മ മഹിജക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനുമാണ് ഹാജരായത്. പക്ഷെ കൃഷ്ണദാസിന് വേണ്ടി ഹാജരായ കപിൽ സിബലിന്‍റെ വാദം പോലും കേൾക്കും മുൻപേ ഹരജികൾ തള്ളി.
ജിഷ്ണുവിന്‍റെ മരണത്തിൽ പൊലീസ് തെളിവുകൾ പ്രകാരം വൈസ് പ്രിൻസിപ്പലും ഇൻവിജിലേറ്ററും ആണ് നേരിട്ട് പങ്കാളികൾ ആയിട്ടുള്ളത്. കൃഷ്ണദാസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന ഒന്നും പൊലീസ് കണ്ടെത്തിയില്ല. ചില മൊഴികള്‍ മാത്രമാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി നല്‍കിയ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. കൃഷ്ണദാസിന്‍റെ സ്ഥാപനത്തില്‍ ഇടിമുറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.