എം എം മണിയുടെ ഇരുപതേക്കര്‍ പ്രസംഗത്തില്‍ നടപടികളുമായി പൊലീസ് മുന്നോട്ട്
പൊമ്പിളൈ ഒരുമൈ സത്യഗ്രഹസമരം തുടരുന്നു
എം എം മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നു. മൂന്നാര്‍, രാജക്കാട് പോലീസ് പരാതികളില്‍ തെളിവെടുപ്പ് ആരംഭിച്ചു. എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമെ നടത്തുന്ന സത്യഗ്രഹ സമരം മൂന്നാറില്‍ തുടരുകയാണ്.
എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, സാംബവസഭ അടക്കം അഞ്ചോളം പരാതികളാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണിയില്‍ നിന്നും മൂന്നാര്‍ ഡി.വൈ.എസ്.പി തെളിവെടുത്തു.
പൊമ്പിളൈ ഒരുമെ നടത്തുന്ന സത്യാഗ്രഹസമരം തുടരുകയാണ്. എങ്കിലും എത്രകാലം സമരം മുന്‍പോട്ട് കൊണ്ടു പോകണം എന്നതിനെ പറ്റിയുള്ള ആശങ്കയും പൊമ്പിളെ ഒരുമെ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. സമരത്തിന് ജനപിന്തുണ കുറഞ്ഞതും മുഖ്യധാര രാഷ്ടീയപാര്‍ട്ടികളുടെ പിന്തുണ ലഭിക്കാത്തതും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ കൈയ്യേറ്റ ഭൂമി തിരച്ചുപിടിക്കണമെന്ന്ആവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ സമ്മേളനത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു.