കോഴിക്കോട്ടെ സിപിഎം പാര്‍ട്ടി കോട്ടകളിലേറ്റ തോല്‍വി അന്വേഷിക്കാന്‍ രണ്ടംഗ സമിതി
പാര്‍ട്ടിയുടെ ഉരുക്ക്‌കോട്ടയായ കുറ്റ്യാടിയിലെ തോല്‍വിയും പേരാമ്പ്രയില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് പാര്‍ട്ടി അന്വേഷിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ സിപിഎം പാര്‍ട്ടി കോട്ടകളിലേറ്റ തോല്‍വിയെക്കുറിച്ചന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. കോഴിക്കോട് ഇടതു മുന്നണി വലിയ വിജയം നേടിയപ്പോഴും കുറ്റിയാടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി തോറ്റത് വലിയ ചര്‍ച്ചയായിരുന്നു.
പാര്‍ട്ടിയുടെ ഉരുക്ക്‌കോട്ടയായ കുറ്റ്യാടിയിലെ തോല്‍വിയും പേരാമ്പ്രയില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. കുറ്റ്യാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ കെ കെ ലതികക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മൂന്നാം തവണ മത്സരിത്തിനിറങ്ങിയ കെ കെ ലതിക യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുളളയോട് 1157 വോട്ടിന് തോറ്റിരുന്നു. വര്‍ഗീയ ധ്രുവീകരണം നടന്നെന്ന് പറയുമ്പോഴും പാര്ട്ടിയുടെ വോട്ടുകളില്‍ വന്ന കുറവ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
പേരാമ്പ്രയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടിപി രാകൃഷ്ണന്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ കുറവുണ്ടായി. പതിനായിരം വോട്ടിനു മുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തില്‍ ടി പിക്ക് ലഭിച്ചത് 4101 വോട്ടിന്റെ ഭൂരിപക്ഷമാണ്. പാര്‍ട്ടി വോട്ടുകളില്‍ വിള്ളലുണ്ടായതായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇരുമണ്ഡലങ്ങളിലേയും തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ കമ്മറ്റി അംഗവും അടങ്ങിയ രണ്ടംഗസമിതിയാണ് അന്വേഷിക്കുക.