ചക്കിട്ടപ്പാറ ഖനനം: സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അനുമതി നേടാന്‍ ശ്രമം

Update: 2018-04-27 17:13 GMT
Editor : Sithara
ചക്കിട്ടപ്പാറ ഖനനം: സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അനുമതി നേടാന്‍ ശ്രമം
Advertising

ഖനനപ്രദേശത്തിന്‍റെ 400 മീറ്റര്‍ അടുത്ത് മലബാര്‍ വന്യജീവി സങ്കേതമുള്ളത് ഖനനാനുമതിക്കുള്ള അപേക്ഷയില്‍ കമ്പനി മറച്ചുവെച്ചു.

Full View

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ എംഎസ്പിഎല്‍ കമ്പനി ഇരുമ്പയിര് ഖനനത്തിന് അനുമതി തേടിയത് പ്രദേശത്തിന്‍റെ പരിസ്ഥിതി പ്രാധാന്യം മറച്ചുവെച്ച്.
ഖനനഭൂമിയുടെ 15 കിലോമീറ്റര്‍ പരിധിയില്‍ വന്യജീവി സങ്കേതമില്ലെന്നാണ് കമ്പനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ഖനനഭൂമിയുടെ കേവലം 400 മീറ്റര്‍ മാത്രം അകലെയാണ് മലബാര്‍ വന്യജീവി സങ്കേതമുള്ളത്. വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതി തേടി കര്‍ണാടകയിലെ എംഎസ്പിഎല്‍ കമ്പനി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ പാരിസ്ഥിതിക അനുമതിക്കായി ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്ന് ഖനന ഭൂമിയുടെ 15 കിലോമീറ്റര്‍ പരിധിയില്‍ ദേശീയ പാര്‍ക്കുകളോ വന്യജീവി സങ്കേതമോ ഇല്ലെന്നാണ്.
2010ല്‍ രൂപീകരിച്ച മലബാര്‍ വന്യജീവി സങ്കേതം നിര്‍ദിഷ്ട ഖനന ഭൂമിയുടെ 400 മീറ്റര്‍ മാത്രം അകലെ ആയിരിക്കെയാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കാന്‍ എംഎസ്പിഎല്‍ കമ്പനി ശ്രമിച്ചത്. കഴിഞ്ഞ മാര്‍ച്ച് 16 ന് നല്‍കിയിട്ടുള്ള അപേക്ഷ എംഎസ്പിഎല്‍ കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മേദ വെങ്കടയ്യയുടെ പേരിലാണ്.

74 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലബാര്‍ വന്യജീവി സങ്കേതം അപൂര്‍വ്വയിനം സസ്യങ്ങളുടെയും ജീവികളുടെയും ആവാസ കേന്ദ്രമാണ്. ഇത് മറച്ചുവെച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഖനനാനുമതി തേടാന്‍ എംഎസ്പിഎല്‍ കമ്പനി ശ്രമിക്കുന്നത്. നിര്‍ദിഷ്ട ഖനന പ്രദേശം മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന പെരുവണ്ണാമൂഴി നിക്ഷിപ്ത വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്ന് കോഴിക്കോട് ഡിഎഫ്ഒ സുനില്‍കുമാര്‍ പറഞ്ഞു. ഖനന അപേക്ഷ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News