ലോ അക്കാദമി ഭൂമിയിലെ ഫ്ലാറ്റ്: അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും വിഎസിന്റെ കത്ത്

Update: 2018-04-27 10:19 GMT
Editor : Sithara
ലോ അക്കാദമി ഭൂമിയിലെ ഫ്ലാറ്റ്: അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും വിഎസിന്റെ കത്ത്
Advertising

ലോ അക്കാദമി ഭൂമിയിലെ ഫ്ലാറ്റ് കച്ചവടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കി

ലോ അക്കാദമി വിഷയത്തില്‍ വി എസ് അച്യുതാനന്ദന്‍ വീണ്ടും റവന്യുമന്ത്രിക്ക് കത്ത് നല്‍കി. ലോ അക്കാദമിയുടെ ഫ്ലാറ്റ് കച്ചവടം പരിശോധിക്കണമെന്നാണ് ആവശ്യം. ഫ്ളാറ്റ് നില്‍ക്കുന്ന ഭൂമി വിലക്ക് വാങ്ങിയതാണെന്ന വാദത്തില്‍ സംശയമുണ്ടെന്ന് വിഎസിന്‍റെ കത്തില്‍ പറയുന്നു. അക്കാദമി ഭൂമിയില്‍ പരിശോധനക്ക് ഉത്തരവിട്ടതിന് വിഎസ് ഇ ചന്ദ്രശേഖനെ അഭിനന്ദിച്ചിട്ടുമുണ്ട്.

Full View

ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന പേരൂര്‍ക്കടയിലെ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സെക്രട്ടറിയേറ്റിന് സമീപം പുന്നംറോഡിലുള്ള ഭൂമി അക്കാദമി വിലക്ക് വാങ്ങിയതാണെന്നാണ് പറഞ്ഞിരുന്നത്. ഗവേഷണകേന്ദ്രം നിലനില്‍ക്കുന്ന ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്ന് സൊസൈറ്റി വിലക്ക് വാങ്ങിയതിനാല്‍ അതിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വിഎസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഫ്ലാറ്റ് നില്‍ക്കുന്ന ഭൂമി വിലക്ക് വാങ്ങിയതാണെന്ന് മാനേജ്മെന്‍റ് വാദത്തില്‍ സംശയമുണ്ട്. ഇക്കാര്യം റവന്യു വകുപ്പ് വിശദമായി പരിശോധിക്കണം. ഇടപാടുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ച് സംശയം ദൂരീകരിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അക്കാദമിയുടെ പക്കലുള്ള അധികഭൂമി സര്‍ക്കാര്‍ കണ്ടെത്തണം, വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി സര്‍ക്കാര്‍ തിരിച്ചെക്കണം തുടങ്ങിയ ആവശ്യങ്ങളും വിഎസ് ഉന്നയിച്ചു. തന്റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ അക്കാദമി ഭൂമിയില്‍ പരിശോധന നടത്തിയതിന് വിഎസ് മന്ത്രി ഇ ചന്ദ്രശേഖനെ കത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News