വരള്‍ച്ച, കേന്ദ്രസംഘം കോട്ടയത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം
ജലാശയങ്ങള്‍ കൂടുതല്‍ ഉണ്ടെന്ന കാരണം പറഞ്ഞ് ജില്ലയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന...
വരള്‍ച്ച പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തില്‍ നിന്ന് കോട്ടയം ജില്ലയെയും ഒഴിവാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് കോടിയുടെ കൃഷിനാശമാണ് ജില്ലയില്‍ ഉണ്ടായത്. എന്നാല്‍ ജലാശയങ്ങള്‍ കൂടുതല്‍ ഉണ്ടെന്ന കാരണം പറഞ്ഞ് ജില്ലയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന. സംഘം വിവിധ ജില്ലകളില്‍ പര്യടനം തുടരുകയാണ്.
കൃഷി വകുപ്പിന്റെ ജനുവരി ഒന്ന് മുതലുള്ള കണക്കുകളില്‍ നാല് കോടിയുടെ കൃഷിനാശം കോട്ടയം ജില്ലയില്‍ ഉണ്ടായെന്നാണ് വ്യക്തമാക്കുന്നത്. വരള്‍ച്ച രൂക്ഷമായതാണ് ഇതിന്റെ പ്രധാന കാരണം. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള നെല്‍ കൃഷിയെയും കിഴക്കന്‍ മേഖലയിലെ റബര്‍ കൃഷിയെയും ഒരു പോലെ വരള്‍ ബാധിച്ചു. ഒപ്പം മറ്റ കൃഷികളും താറുമാറായി.
632 ഹെക്ടറിലെ നെല്‍കൃഷിയാണ് ഉപ്പ് വെള്ളം കയറിയതിനെ തുടര്‍ന്ന് നശിച്ചത്. 13 ഹെക്ടറിലെ റബര്‍ കൃഷിയും 140 ഹെക്ടറിലെ വാഴകൃഷിയും 15 ഹെക്ടറിലെ കുരുമുളക് കൃഷിയും 11 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. വാഴകൃഷിയില്‍ മാത്രം ഒരുകോടിയോളം രൂപ നഷ്ടമായി. എന്നാല് വരള്‍ച്ച പഠിക്കാന്‍ എത്തിയ കേന്ദ്രസംഘം ജില്ലയിലെ സന്ദര്‍ശം ഒഴിവാക്കി.
ജലാശയങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ആലപ്പുഴയെ ഒഴിവാക്കിയത് പോലെ കോട്ടയത്തെയും ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയെന്നാണ് സൂചന. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരവും ഈ കര്‍ഷകര്‍ക്ക് ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.