രാജിക്ക് വഴിയൊരുക്കിയത് കോടതി നിലപാട്; അവസാനം വരെ പിന്തുണച്ച് മുഖ്യമന്ത്രി
മന്ത്രി സ്ഥാനത്ത് തുടരാന്‍ അവസാന നിമിഷം വരെ ശ്രമിച്ച തോമസ് ചാണ്ടിയെ രാജിവക്കാന്‍ നിര്‍ബന്ധിതമാക്കിയത് ഹൈക്കോടതിയുടെ കര്‍ക്കശ നിലപാടാണ്. കലക്ടറുടെ റിപ്പോര്‍ട്ട് എതിരായിരുന്നിട്ടും..
മന്ത്രി സ്ഥാനത്ത് തുടരാന്‍ അവസാന നിമിഷം വരെ ശ്രമിച്ച തോമസ് ചാണ്ടിയെ രാജിവക്കാന്‍ നിര്‍ബന്ധിതമാക്കിയത് ഹൈക്കോടതിയുടെ കര്‍ക്കശ നിലപാടാണ്. കലക്ടറുടെ റിപ്പോര്‍ട്ട് എതിരായിരുന്നിട്ടും ഒരുമാസത്തോളം അലോസരമില്ലാതെ അധികാരത്തില്‍ തുടരാന്‍ തോമസ് ചാണ്ടിക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയും ഇടത് മുന്നണിയും ഇതിന് പിന്തുണ നല്‍കുകയും ചെയ്തു.
ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ 21 പേജുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴേ തോമസ്ചാണ്ടിയുടെ വിധി രാഷ്ട്രീയ കേരളം കുറിച്ചതാണ്. പക്ഷേ അസാധാരണമായ നടപടികളിലൂടെ മന്ത്രിക്കസേരയില്‍ തുടരാനായിരുന്നു ചാണ്ടിയുടെ നീക്കം. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗമായ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയ സമീപിച്ചതോടെയാണ് തോമസ് ചാണ്ടിക്ക് അടിതെറ്റിയത്. സര്‍ക്കാറിനെതിരെ മന്ത്രി കേസ് നടത്തുന്നത് ഭരണഘടനാ ലംഘനമാണ്, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു, ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരണക്കാരനായി നിയമപരിരക്ഷ തേടണം തുടങ്ങി അതിരൂക്ഷമായ നിരീക്ഷണങ്ങളാണ് കോടതിയില്‍നിന്ന് ഉണ്ടായത്. സര്‍ക്കാറിനെതിരെ ഹരജിയുമായി വന്നത് മന്ത്രിയാകാനുള്ള അയോഗ്യതക്ക് തെളിവാണെന്നും കോടതി പറഞ്ഞു. കൈയ്യേറ്റ വിവാദം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കസേരക്ക് ഇളക്കം തട്ടാതിരുന്ന തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് കോടതിയുടെ ഈ നിലപാടാണ്. ഒപ്പം മുഖ്യമന്ത്രിയുടെ ദൌര്‍ബല്യംകൂടി പുറത്തെത്തിക്കുന്നതായി മാറി കോടതി വിധി.
രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായി ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്ന പിണറായി വിജയന്റെ മൃദുസമീപനമാണ് തോമസ് ചാണ്ടിക്ക് തുണയായത് എന്ന് നേരത്തെ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട കോടതി വിമര്‍ശത്തിന് ശേഷം നേരം ഇരുട്ടി വെളുത്തിട്ടും തിടുക്കത്തില്‍ തോമസ് ചാണ്ടിക്ക് രാജിവക്കേണ്ടി വന്നില്ല എന്നത് ഈ വിമര്‍ശത്തെ ശരിവക്കുന്നു.