ലാവ്‍ലിന്‍ കേസ്: സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Update: 2018-04-28 17:29 GMT
Editor : Sithara
ലാവ്‍ലിന്‍ കേസ്: സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി
Advertising

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍.

ലാവ്‍ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. പിണറായി വിജയന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കി.

Full View

കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ഹൈക്കോടതി എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്. ചട്ടമനുസരിച്ച് 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം. ഈ കാലാവധി കഴിഞ്ഞ മാസം 21ന് അവസാനിച്ചിരുന്നു. എന്നിട്ടും സിബിഐ അപ്പീൽ നൽകാത്തതിനെതിരെ ചോദ്യങ്ങൾ ഉയർന്ന പശ്ചാതലത്തില്‍, വൈകിയതിനുള്ള ക്ഷമാപണം ഉള്‍പ്പെടുത്തിയാണ് ഹര്‍ജി നല്‌‍കിയിരിക്കുന്നത്. അഭിഭാഷകൻ ആയ മുകേഷ് കുമാർ മറോറിയ ആണ് സിബിഐയുടെ അപ്പീല്‍ സമര്‍പ്പിച്ചത്. ലാവലിൻ കേസിൽ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. അന്നത്തെ വൈദ്യുതമന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവലിൻ ഇടപാട് നടക്കില്ല. പിണറായി വിജയനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ വിചാരണ നേരിടേണ്ടവരെന്ന് ഹൈക്കോടതി വിധിച്ചവരില്‍ ഉള്‍പ്പെട്ട കെഎസ്ഇബി മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News