ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു

Update: 2018-04-29 12:14 GMT
Editor : Damodaran
Advertising

മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ രാജി സന്നദ്ധത അറിയിച്ചു. മന്ത്രിമാര്‍ ഇപെട്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്.

Full View

ഐ എ എസ് അസോസിയേഷനും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു.ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് രാജി സന്നദ്ധത അറിയിച്ചുവെങ്കിലും മന്ത്രിമാരുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്മാറി.സുതാര്യതയുള്ള ഫയലുകള്‍ മാത്രം നീക്കിയാല്‍ മതിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍.പ്രശ്നം വഷളായത് മുഖ്യമന്ത്രി ഇടപെടാത്തത് കൊണ്ടാണന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്ത് വന്നു.

Full View

മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചപ്പോള്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോയ ഐ എ എസ് ഉദ്യോഗസ്ഥര്‍ വീണ്ടും പഴയ നിലപാടിലേക്ക് തിരിച്ച് വന്നു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് രാജിവെക്കുകയാണന്ന് സര്‍ക്കാരിനെ അറിയിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഇത് വരെ ഇടപെടാതിരുന്ന മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയെ കണ്ട് അനുനയ ശ്രമം നടത്തിയെന്നതാണ് പ്രത്യേകത. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പരാതിയില്‍ നിലവിലെ പ്രശ്നം തണുത്തതിന് ശേഷം നടപടി ഉണ്ടാകുമെന്ന ഉറപ്പുമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.ഇതോടെ രാജി തീരുമാനത്തില്‍ നിന്ന് ചീഫ് സെക്രട്ടറി പിന്നോട്ട് പോയി. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് മുഖ്യമന്ത്രി തന്നെ വ്യക്തിപരമായി ശകാരിച്ചെന്ന പരാതിയും എസ് എം വിജയാനന്ദിനുണ്ട്.

പക്ഷെ സാന്പത്തിക ഉത്തരവാദിത്വം വരുന്ന ഫയലുകള്‍ മുഖ്യമന്ത്രി കണ്ടതിന് ശേഷം മാത്രം മുന്നോട്ട് നീക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു.ചെറിയ പ്രശ്നങ്ങളുള്ള ഫയലുകളില്‍ പോലും ഒപ്പിടില്ലന്നും സര്‍ക്കാരിനെ അറിയിച്ചു.ചില ജൂനിയറായ ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുമുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ സിപിഎം അനകൂല സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്ത് എത്തിയിട്ടുണ്ട്.

പ്രത്യക്ഷത്തിലുള്ള സമരത്തിനില്ലെങ്കിലും സര്‍ക്കാരുമായി നിസ്സഹകരിച്ച് മുന്നോട്ട് പോകാനാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധാരണ.ഒരു ന്യൂനത പോലും ഇല്ലാത്ത രീതിയില്‍ ഫയലുകള്‍ എത്തിയാല്‍ മാത്രമേ ഇനി മുതല്‍ ഒപ്പിടൂ.സാന്പത്തിക ബാധ്യതയുള്ള ഫയലുകള്‍ തീര്‍പ്പാക്കാതെ മുഖ്യമന്ത്രിക്ക് അയച്ച് നല്‍കും.മുഖ്യമന്ത്രി കണ്ട് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ സെക്രട്ടറിമാര്‍ ഫയലുകള്‍ നീക്കൂ.ഇത് മൂലം ഉണ്ടാകുന്ന വലിയ കാലതാമസം ഭരണ സ്തംഭനത്തിനാകും ഇടയാക്കുക.

അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെഎം എബ്രഹാമിന്റേയും,ടോം ജോസിന്റേയും വീടുകളില്‍ റെയ്ഡ് നടത്തിയത് മുതല്‍ നിസ്സഹകരണം തുടങ്ങിയിരുന്നു. സ്വച്ച് ഭാരത് പദ്ധതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 500 കോടി നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഫെബ്രുവരിയില്‍ പണം ചിലവഴിക്കണം,പക്ഷെ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെയാണ് ഇപ്പോഴും.ഗെയില്‍ വാതക പൈപ്പ് ലൈന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മ്മാരും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.മദ്യനയം,ടൂറിസം നയം,കാര്‍ഷിക നയം,വ്യവസായ നയം എന്നിവയുടെ കാര്യത്തിലക്കെ അവ്യക്തത നിലനില്‍ക്കുന്നു.സര്‍ക്കാരെടുക്കുന്ന നയപരമായ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ പിടിവാശിയില്‍ നില്‍ക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News