സ്വാശ്രയ കേസില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി; എജി കോടതിയില്‍ മൌനം പാലിച്ചു

Update: 2018-04-30 02:42 GMT
Editor : Alwyn K Jose
സ്വാശ്രയ കേസില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി; എജി കോടതിയില്‍ മൌനം പാലിച്ചു
Advertising

സ്വാശ്രയ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് മാനേജ്മെന്റ് അനുകൂല നിലപാടാണ്.

Full View

സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ നിലപാട് വിശദീകരിക്കാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ ഭാഗം പറയേണ്ട അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര്‍ പ്രസാദ് കോടതിയില്‍ മൌനം പാലിച്ചു. ഇക്കാര്യം ഹൈകോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. കോടതി ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസിവ്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം പൂര്‍ണമായി ഏറ്റെടുത്തത് ആഗസ്റ്റ് 20ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരായാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത മാനേജ്മെന്‍റുകള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ പ്രതിരോധം തീര്‍ത്തില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്ന് ജഡ്ജിയുടെ ചോദ്യത്തിന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് കൃത്യമായ ഉത്തരം നല്‍കിയില്ല. തങ്ങള്‍ക്ക് എജിയില്‍ നിന്ന് ഉത്തരം ലഭിച്ചില്ലെന്ന് കോടതി വിധിയില്‍ തന്നെ ജഡ്ജിമാരായ കെ സുരേന്ദ്ര മോഹനും മേരി ജോസഫും എഴുതിവെക്കുകയും ചെയ്തു.

സ്വാശ്രയ കോളജുകളിലെ പ്രവേശം സര്‍ക്കാരിന് നടത്താമെന്ന കേന്ദ്ര നിര്‍ദേശമാണ് ഉത്തരവിന് അടിസ്ഥാനമെന്നാണ് നിയമസഭക്കകത്തും പുറത്തും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം ഹൈകോടതിയില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വ്യക്തമാക്കാത്തതെന്നത് ദുരൂഹമാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് റദാക്കുകയും പ്രവേശം നടത്താന്‍ മാനേജ്മെന്‍റുകള്‍ക്ക് അവകാശം നല്‍കുകയും ചെയ്തു ഹൈകോടതി. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ പോയതുമില്ല. ഇതോടെയാണ് അമിത ഫീസ് വര്‍ധനക്കായി മാനേജ്മെന്‍റുകള്‍ക്ക് അവകാശവാദം ഉന്നയിക്കാനും യാഥാര്‍ഥ്യമാക്കാനും കഴിയുന്ന സാഹചര്യം ഉണ്ടായത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News