കേരഫെഡില്‍ കോടികളുടെ അഴിമതി നടത്തിയവര്‍ക്കെതിരായ നടപടി വൈകുന്നു
ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ഇവരില്‍ നിന്ന് തുക ഈടാക്കുകയും വേണമെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു
പച്ചതേങ്ങ സംഭരണത്തിന്റെയും യന്ത്ര സാമഗ്രികള്‍ വാങ്ങിയതിന്റെയും മറവില്‍ കേരഫെഡില്‍ കോടികളുടെ അഴിമതി നടത്തിയവര്‍ക്കെതിരായ നടപടി വൈകുന്നു. ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ഇവരില്‍ നിന്ന് തുക ഈടാക്കുകയും വേണമെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.
കൃഷി വകുപ്പ് ഡയറക്ടറും കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ അശോക് കുമാര്‍ തെക്കന്‍ പ്രോജക്ട് ഡയറക്ടര്‍ എ എസ്സ് മുഹമ്മദ് ഷെരീഫ്, ഫിനാന്‍സ് ഡയറക്ടര്‍ ഷാമേഴ്സ് ഫിലിപ്പ്, പ്രോജക്ട് മാനേജര്‍ ജോസഫ് ചെറിയാന്‍ എന്നിവരെ സസ്പെന്റ് ചെയ്യുകയും 70,40,400 രൂപ ഈടാക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടാണ് കാരണം. പച്ചതേങ്ങ സംഭരണത്തില്‍ അഴിമതി നടത്തിയതിന് അശോക് കുമാര്‍ തെക്കനില്‍ നിന്ന് 58,57,776 രൂപയും ഈടാക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കൃഷി വകുപ്പിന്റെ കീഴിലെ പ്രോജക്ട് പ്ലാനിംഗ് മോണിറ്ററിംഗ് സെല്ലിന്റെ ചുമതല ഇപ്പോഴും വഹിക്കുന്നു. മറ്റുള്ള ഉദ്യോഗസ്ഥര്‍ കേരഫെഡില്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നു. നടുവണ്ണൂര്‍, കരുനാഗപ്പള്ളി പ്ലാന്റുകളുടെ ശേഷി കൂട്ടുന്നതിനും ഷെഡ് നിര്‍മിക്കുന്നതിനുമായുള്ള ടെന്‍ഡറിലാണ് ക്രമക്കേട് നടന്നത്. കരുനാഗപ്പള്ളി പ്ലാന്റില്‍ കൊപ്ര സംസ്കരിക്കുന്നത് 50 മെട്രിക് ടണിലേക്ക് ഉയര്‍ത്താനാണ് പുതിയ എക്സ്പില്ലര്‍ സ്ഥാപിച്ചത്. എന്നാല്‍ 20 മെട്രിക് ടണിനുമേല്‍ സംസ്കരിക്കാനാവുന്നില്ല. തേങ്ങ പിണ്ണാക്കില്‍ എണ്ണ 10 ശതമാനത്തില്‍ താഴെ ആയിരിക്കണമെന്ന മാനദണ്ഡവും പാലിക്കാനാവുന്നില്ല.