മഹാരാജാസില്‍ ഇന്‍ക്വിലാബ് സ്റ്റുഡന്‍റ്സ് മൂവ്മെന്റ് പ്രവര്‍ത്തകരെ എസ്എഫ് ഐ ആക്രമിച്ചെന്നു പരാതി
രോഹിത് വെമുല വിഷയത്തില്‍ ക്യാംപസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലിയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞു
മഹാരാജാസ് കൊളേജില്‍ ഇന്‍ക്വിലാബ് സ്റ്റുഡന്‍റ്സ് മൂവ്മെന്റ് പ്രവര്‍ത്തകരെ എസ്എഫ് ഐ ആക്രമിച്ചതായി പരാതി. രോഹിത് വെമുല വിഷയത്തില്‍ ക്യാംപസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലിയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ പരാതി വ്യാജമാണെന്നാണ് എസ്എഫ്ഐ നിലപാട്.
രോഹിത് വെമുലയുടെ മരണത്തില്‍ ഇങ്ക്വിലാബ് സ്റ്റുഡന്റ്സ് മൂവ്മെന്റ് മഹാരാജാസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. എസ്എഫ്ഐയെ മറികടന്ന് ക്യാംപസില്‍ പരിപാടി സംഘടിപ്പിച്ചതിനാണ് ആക്രണം അഴിച്ചുവിടുന്നതെന്ന് ഐഎസ്എം പ്രവര്‍ത്തകര്‍ പറയുന്നു. സംഭവം കേസായപ്പോള്‍ പൊലീസിന് മൊഴി കൊടുക്കുന്നതിനെ എതിര്‍ത്ത് ഭീഷണിയും പിന്നീട് മര്‍ദ്ദനമുണ്ടായെന്നും ഇങ്ക്വിലാബ് സ്റ്റുഡന്റ്സ് മൂവ്മെന്റ് ആരോപിക്കുന്നുണ്ട്.
പരിക്കേറ്റ ഐഎസ്എം പ്രവര്‍ത്തകര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെഎന്‍യു, ഹൈദരാബാദ് വിഷയങ്ങളിലുള്ള എസ്എഫ്ഐ നിലപാടിലെ പൊള്ളത്തരമാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആക്രമണമുണ്ടായിട്ടില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം.