കോന്നി സീറ്റിനെച്ചൊല്ലി എ- ഐ ഗ്രൂപ്പുകള്‍ പരസ്യപ്പോരിലേക്ക്
അടൂര്‍ പ്രകാശിനെ മാറ്റണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്
കോന്നി സീറ്റിനെച്ചൊല്ലി പത്തനംതിട്ടയില്‍ എ- ഐ ഗ്രൂപ്പുകള്‍ പരസ്യപ്പോരിലേക്ക്. കോന്നിയില്‍ അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ അടൂര്‍ പ്രകാശിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എ ഗ്രൂപ്പ് നേതാക്കളും പ്രതികരിച്ചു.
അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിച്ചാല്‍ പതിനൊന്ന് ഡിസിസി സെക്രട്ടറിമാരുള്‍പ്പെടെ ഒരു വിഭാഗം പാര്‍ട്ടി പദവികള്‍ രാജി വയ്ക്കുമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിനെ മാറ്റണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത്.
വി.എം സുധീരന്‍ അടൂര്‍ പ്രകാശിനെ വേട്ടയാടുകയാണെന്നും കോന്നിയില്‍ അടൂര്‍ പ്രകാശിനെയല്ലാതെ മറ്റാരെയും സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും കോന്നിയിലെ ഐ ഗ്രൂപ്പ് നേതാക്കാള്‍ പരസ്യമായി നിലപാടെടുത്തിരുന്നു. ഇതോടെ കോന്നി സീറ്റിനെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അടൂര്‍ പ്രകാശ് മാറിയാല്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയാകാന്‍ നീക്കം നടത്തുന്ന ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജിനെതിരെയുള്ള അണിയറ നീക്കവും ഐ ഗ്രൂപ്പില്‍ സജീവമാണ്.