കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായി
ഇന്ന് മുതല്‍ 24 മണിക്കൂറും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസുണ്ടാകും
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ 24 മണിക്കൂറും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസുണ്ടാകും. 2015ല്‍ ആരംഭിച്ച റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവാസാനിച്ചത്.
കരിപ്പൂര്‍ വിമാനത്താവളം കഴിഞ്ഞ 18 മാസമായി 16 മണിക്കൂര്‍ മാത്രമായിരുന്നു തുറന്നിരുന്നത്. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 8 മണി വരെ വിമാനത്താവളം അടച്ചിട്ടത് മലബാറിലെ യാത്രക്കാര്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ 24 മണിക്കൂറും വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കരിപ്പൂരിലെത്തി നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു. അവര്‍ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും വിമാന സര്‍വീസ് തുടങ്ങുന്നത്.
റണ്‍വേ നവീകരണ കാലയളവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമേ കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നുള്ളൂ. റണ്‍വേ ബലപ്പെടുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ഇടത്തരം വിമാനങ്ങളും വലിയ വിമാനങ്ങളും സര്‍വീസ് പുനരാരംഭിച്ചേക്കും.