'അമ്മ' നടിക്ക് പിന്തുണ നല്‍കിയില്ല; താരങ്ങള്‍ രണ്ടുതട്ടില്‍
അമ്മയെന്ന സംഘടനോടുള്ള എതിര്‍പ്പ് ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുകയാണ് സിനിമാ രംഗത്തുള്ളവര്‍
കൂട്ടത്തില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടിട്ടും ആശ്വസിപ്പിക്കാനോ പിന്തുണ പ്രഖ്യാപിക്കാനോ തയ്യാറാകാത്ത അമ്മയെന്ന സംഘടനോടുള്ള എതിര്‍പ്പ് ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുകയാണ് സിനിമാ രംഗത്തുള്ളവർ. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാടില്‍ രണ്ട് തട്ടിലാണ് താരങ്ങള്‍. പരസ്യമായി പ്രതികരിക്കാന്‍ പലരും തയ്യാറാകുന്നില്ലെങ്കിലും വൈകാതെ അത് പ്രകടിപ്പിക്കുമെന്നാണ് സൂചന.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന പ്രതികരണം ആദ്യം വന്നത് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്നാണ്. അപമാനിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാത്ത അമ്മയില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു നടന്‍ പ്രകാശ് ബാരെ പ്രതികരിച്ചത്.
അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ച വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ്കുമാര്‍ യോഗത്തിന് മുന്‍പ് അമ്മ പിരിച്ചുവിടണമെന്ന് പ്രസിഡണ്ടിന് കത്തെഴുതിയിരുന്നു. പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ചചെയ്തു തീര്‍പ്പാക്കിയതാണെന്നും എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ നെറികെട്ട ഒരംഗം കത്ത് ചോര്‍ത്തിയതാണെന്നും ഗണേഷ്കുമാര്‍ പിന്നീട് പ്രതികരിച്ചിരുന്നു. അംഗങ്ങളുടെ പ്രശ്നങ്ങളില്‍ അമ്മ ഇടപെടുന്നില്ലെന്ന് നടന്‍മാരായ ബാബുരാജും ജോയ് മാത്യുവും പിന്നീട് പറഞ്ഞു.
തിലകനെ വിലക്കിയതടക്കം പല വിഷയത്തിലും അമ്മയെടുത്ത നിലപാടുകളോട് പലര്‍ക്കും എതിര്‍പ്പുണ്ട്. തങ്ങള്‍ക്കിടയിലെ ഒരാള്‍ ക്രൂരമായ പീഡിപ്പിക്കപ്പെട്ടിട്ടും നീതിനിഷേധിക്കുന്ന സംഘടനയുടെ അസ്ഥിത്വത്തെ പല അഭിനേതാക്കളും നിശബ്ദമായി ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ കാമറക്ക് മുന്നില്‍ മനസ്സുതുറക്കാന്‍ തക്ക സമയത്തിനായി പലരും കാത്തിരിക്കുകയാണ്.