മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ശരിയായി അന്വേഷിച്ചില്ലെന്ന് ഹൈകോടതി
സർക്കാർ അഭിഭാഷകൻ കേസ് നടത്തിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ കേസിന്റെ അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്നും കോടതി
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ശരിയായി അന്വേഷിച്ചില്ലെന്ന് ഹൈകോടതി. പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ റെയ്ഡ് നടത്താം. അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസത്തെ സമയം കൂടി അനുവദിച്ചു.
മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് ഫയൽ പരിശോധിച്ചതിൽ നിന്നും ഇതുവരെയും പ്രതികൾക്കെതിരെയുള്ള തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട രേഖകൾ പ്രതികൾ ഹാജരാക്കിയില്ലെങ്കിൽ റെയ്ഡ് നടത്തി പിടിച്ചെടുക്കാമെന്നും കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ പരാതിക്കാരനായ വി എസ് അച്യുതാനന്ദന്റെ മൊഴി രേഖപ്പെടുത്താമെന്നും കോടതി നിർദേശിച്ചു. സർക്കാർ അഭിഭാഷകൻ കേസ് നടത്തിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ കേസിന്റെ അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ഡിജിപി കോടതിയെ അറിയിച്ചത്.
വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നാണ് വിജിലൻസിന്റെ നിലപാട്. പ്രതികൾക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങൾ മറികടന്നാണ് എസ്എന്‍ഡിപിയെ മൈക്രോ ഫിനാൻസില്‍ ഉൾപ്പെടുത്തിയത് എന്നും വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കെഎസ്എഫ്ഡിസി യിൽ നിന്നും മാനദനങ്ങൾ മറികടന്നു മൈക്രോ ഫിനാൻസിനായി ലോൺ തരപ്പെടുത്തിയെന്ന വി എസിന്റെ പരാതിയിൽ രജിസ്ട്രർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.