ലീഗിന് വഴങ്ങി സമസ്തയിലെ സിപിഎം അനുകൂല നേതാക്കൾ; സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ പരസ്യമായി ഖേദപ്രകടനം
ഐക്യത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് ഉമർ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ തുടങ്ങിയവര്‍ വാർത്താകുറിപ്പില്‍ അറിയിച്ചു
കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശങ്ങളിൽ ലീഗിന് വഴങ്ങി സമസ്തയിലെ സിപിഎം അനുകൂല നേതാക്കൾ. വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് നേതാക്കൾ പരസ്യമായി അറിയിച്ചു. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് വാർത്താകുറിപ്പ് പുറത്തിറക്കി നേതാക്കളുടെ ഖേദപ്രകടനം. ഐക്യത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻകുട്ടി മുസ്‍ലിയാര്‍, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താർ പന്തലൂർ എന്നിവരുടെ പേരിലുള്ള വാർത്താകുറിപ്പ് ഹമീദ് ഫൈസിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ സമസ്ത നേതാക്കൾ തയാറായിരുന്നില്ല. സാദിഖലി തങ്ങളോട് ഖേദം പ്രടകിപ്പിച്ചുവെന്ന വാർത്തകൾ സമസ്ത നേതാക്കൾ നിഷേധിക്കുകയും ചെയ്തു. ഖേദത്തിന്റെ ആവശ്യമില്ലെന്നും ദൈവത്തോട് മാത്രമേ മാപ്പുപറയേണ്ടതുള്ളൂവെന്നുമാണ് കഴിഞ്ഞ ദിവസം ഉമർ ഫൈസി വ്യക്തമാക്കിയത്. ഇതെല്ലാം സംഘടനയ്ക്കകത്ത് വലിയ ചർച്ചയായതോടെയാണ് ഇപ്പോൾ പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ സിപിഎം അനുകൂല വിഭാഗം നേതാക്കൾ നിർബന്ധിതരായത്.
സംഘടനാ രംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്നുവരുന്നതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമർശങ്ങൾ സാദിഖലി തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങൾക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും അതിന് ചില പ്രസംഗങ്ങൾ കാരണമായതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നുമാണ് ഇന്നത്തെ വാർത്താകുറിപ്പിൽ നേതാക്കള്‍ അറിയിച്ചത്. സാമുദായിക രംഗത്തും സംഘടനാ രംഗത്തും ഐക്യത്തിനും യോജിപ്പിനും എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും ഇവര്‍ വ്യക്തമാക്കി.
സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകൈയെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട്ട് ചർച്ച നടത്തിയതെന്നും കുറിപ്പിൽ പറയുന്നു. യോഗ തീരുമാനപ്രകാരമാണ് തുടർന്ന് വാർത്താസമ്മേളനം നടത്തിയത്. ചില പരാമർശങ്ങളിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ചു പരിഹരിച്ചുവെന്നും അതിൽ സങ്കടമുണ്ടെന്നും വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. ചർച്ചയിലെ അന്തിമതീരുമാനവും ഇതുതന്നെയായിരുന്നുവെന്നും എന്നാൽ, സംഘടനയ്ക്കകത്തും സമുദായത്തിനകത്തും രഞ്ജിപ്പും ഒരുമയും അനിവാര്യമായതുകൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചയ്ക്കും ഖേദപ്രകടനത്തിനും ഇനിയും തയാറാണെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ ധാരണയായ പ്രകാരം തുടർചർച്ചകൾ നടത്തി പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ മുക്കം ഉമർ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെയുള്ളവർ പാണക്കാട്ടെത്തിയത്. ഏറെനേരം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഹമീദ് ഫൈസിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു. പ്രശ്നങ്ങളിലെല്ലാം സമവായമായെന്നും എല്ലാം തങ്ങൾക്ക് ബോധ്യപ്പെട്ടെന്നുമായിരുന്നു ഇവർ പറഞ്ഞത്. തങ്ങളോട് ഖേദം പ്രകടിപ്പിച്ചെന്ന കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.
ഇതിലെ അതൃപ്തി ഇന്നലെ സാദിഖലി തങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. യോഗത്തിൽ സംസാരിച്ച കാര്യങ്ങൾ പൊതുസമൂഹത്തോടും പറയണമെന്നു നിർദേശിച്ചിരുന്നതാണെന്നായിരുന്നു തങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതു പറയാമെന്നു പറഞ്ഞാണു പിരിഞ്ഞതെങ്കിലും പത്രസമ്മേളനത്തിൽ സംസാരിച്ചതൊന്നും വിഷയങ്ങളുമായി നീതി പുലർത്തുന്നതായിരുന്നില്ല. ഇതായിരുന്നില്ല പ്രതീക്ഷിച്ചതെന്നും തങ്ങൾ പറഞ്ഞു. ഹമീദ് ഫൈസിയും ഉമർ ഫൈസിയും തങ്ങൾക്കെതിരായ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചെന്നും അതു പുറത്തുപറഞ്ഞില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നായിരുന്നു ജിഫ്രി തങ്ങൾ പുതിയ ചർച്ചകളോട് പ്രതികരിച്ചത്.
Summary: Pro-CPM leaders in Samastha publicly apologize for remarks against Sadiqali Shihab Thangal