''സംരംഭകര്‍ക്കായി കേരളം ഇല്ലാതാക്കേണ്ടത് നിയമപരമായ സങ്കീര്‍ണതകള്‍''
ആറ് വിദേശരാജ്യങ്ങളിലെ വിപണി കീഴടക്കിയ ഭക്ഷ്യോത്പന്ന നിര്‍മാതാക്കളാണ് കൊച്ചി അരൂരിലെ എച്ച് ഐ സി - എ ബി എഫ്
സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന നിയമ പരമായ സങ്കീര്‍ണതകളാണ് കേരളത്തില്‍ ആദ്യം ഇല്ലാതാക്കേണ്ടതെന്ന് കൊച്ചിയിലെ H I C - A B F മാനേജിങ് ഡയറക്ടര്‍ ചെറിയാന്‍ കുര്യന്‍. കേരളത്തിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി തമിഴ്നാട്ടിലേക്ക് മാറ്റേണ്ടിവന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെറിയാന്‍ കുര്യന്‍ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍ ഈ നിര്‍ദേശം പങ്കുവച്ചത്. കയറ്റുമതിയില്‍ വന്‍ വിജയം നേടിയ സംരംഭകനാണ് ചെറിയാന്‍ കുര്യന്‍.
ആറ് വിദേശരാജ്യങ്ങളിലെ വിപണി കീഴടക്കിയ ഭക്ഷ്യോത്പന്ന നിര്‍മാതാക്കളാണ് കൊച്ചി അരൂരിലെ എച്ച് ഐ സി - എ ബി എഫ് . ആഭ്യന്തര വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ എച്ച് ഐ സി - എ ബി എഫ് അതിനായി പുതിയൊരു പദ്ധതിയൊരുക്കി. ജപ്പാന്‍ സഹകരണത്തോടെ 150 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണ് കേരളത്തിനായി ആവിഷ്കരിച്ചത്. വ്യവസായ വകുപ്പില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചു. എന്നാല്‍ ഭൂ നിയമങ്ങള്‍ പദ്ധതിക്ക് തടസ്സമായി. ഇതേതുടര്‍ന്ന് പദ്ധതി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നു.
വ്യവസായ വിപുലീകരണം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ നിയമ നടപടികള്‍ സങ്കീര്‍ണമാണ്. ഇത്തരം സാങ്കേതിക പ്രശ്നങ്ങളാണ് അടിന്തരമായി പരിഹരിക്കപ്പെടേണ്ടതെന്നും ചെറിയാന്‍ കുര്യന്‍ പറയുന്നു.
ടേസ്റ്റി നിബിള്‍സ് എന്ന പേരില്‍ റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ജപ്പാന്‍, അമേരിക്ക, ചൈന, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. പശ്ചിമേഷ്യന്‍ വിപണിയാണ് അടുത്ത ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകളും എച്ച് ഐ സി- എ ബി എഫിനെ തേടിയെത്തിയിട്ടുണ്ട്.