നാടിനെ നൊമ്പരത്തിലാഴ്ത്തി അന്നമ്മയുടെ അനാഥത്വം
95 വയസ്സിന് മുകളില്‍ പ്രായമുള്ള അന്നമ്മയെ ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് സഹോദരിയുടെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി.
കുട്ടനാട് ആര്‍ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബാബുവിന്റെ മരണത്തോടെ അമ്മ അന്നമ്മ അനാഥയായി. 95 വയസ്സിന് മുകളില്‍ പ്രായമുള്ള അന്നമ്മയെ ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് സഹോദരിയുടെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നമ്മയെ സഹായിക്കാനായി നിന്നിരുന്ന അന്ധയായ ശോഭനയെന്ന സ്ത്രീയും ഇതോടെ ഇവിടം വിട്ടു.
പ്രായമേറെയായി നടക്കാന്‍ വയ്യാതെ വെള്ളം കയറിയ വീട്ടില്‍ കഴിഞ്ഞിരുന്ന അന്നമ്മയും അവരെ പരിപാലിച്ചിരുന്ന ശോഭനയും നേരത്തെ തന്നെ ആര്‍ ബ്ലോക്കിന്റെ നൊമ്പരമായിരുന്നു. കാഴ്ച ശക്തിയില്ലെങ്കിലും കൂടെ നിന്ന് അന്നമ്മയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുത്തിരുന്നയാളായിരുന്നു ശോഭന. അന്നമ്മയുടെ മകന്‍ ബാബു എന്തെങ്കിലും ചെറിയ പണികള്‍ക്ക് പോയാണ് അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുകയും ശോഭനയ്ക്ക് പ്രതിഫലം നല്‍കുകയുമൊക്കെ ചെയ്തിരുന്നത്. ബാബു മരിച്ചതോടെ ഇവര്‍ പൂര്‍ണമായും ഒറ്റയ്ക്കായി. ഇരുവരെയും വീട്ടില്‍ തനിച്ചാക്കാനാവില്ലെന്ന് അറിയാവുന്നതിനാല്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പുളിങ്കുന്നിലുള്ള സഹോദരിയുടെ മകളുടെ വീട്ടിലേക്ക് കൊണ്ടു പോയി.
ഏതാനും ദിവസം മുന്‍പ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ട് കലവൂരിലെ വൃദ്ധമന്ദിരത്തിലെത്തിച്ചിരുന്നുവെങ്കിലും ആര്‍ ബ്ലോക്കിന്റെ അന്തരീക്ഷത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാവാത്ത അന്നമ്മ കഴിഞ്ഞ ദിവസം വാശി പിടിച്ച് മടങ്ങിപ്പോരുകയായിരുന്നു. എന്നാല്‍ മടങ്ങിയെത്തി രണ്ടു ദിവസം തികയുന്നതിനു മുന്‍പു തന്നെ മകന്റെ വിയോഗത്തെ തുടര്‍ന്ന് അവര്‍ക്ക് ആര്‍ ബ്ലോക്ക് വിടേണ്ടി വന്നത് ഏവരിലും വേദനയുളവാക്കി.